അൽ ബാഹയിൽ വെള്ളിപ്പട്ടു പുതച്ച് മലനിരകളും തെരുവുകളും; സന്ദർശകരുടെ തിരക്ക്

റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ മേഖലയിലെ അൽ ബാഹ പ്രവിശ്യയിൽ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ആലിപ്പഴ വർഷം നഗരത്തെ ഒരു ശൈത്യകാല വിസ്മയമാക്കി മാറ്റി. മലനിരകളും പ്രധാന തെരുവുകളും ആലിപ്പഴം വീണ് വെളുത്ത പുതപ്പിനാൽ മൂടപ്പെട്ട അപൂർവ്വ കാഴ്ചയ്ക്കാണ് പ്രദേശം സാക്ഷ്യം വഹിച്ചത്.


ശക്തമായ മഴയ്‌ക്കൊപ്പം പെയ്തിറങ്ങിയ ആലിപ്പഴം നഗരത്തിലെ പ്രധാന പാതകളിലും പാർക്കുകളിലും മനോഹരമായ കാഴ്ചകൾ ഒരുക്കി. ഈ അവിസ്മരണീയമായ കാലാവസ്ഥ ആസ്വദിക്കാൻ സ്വദേശികളും സന്ദർശകരും വൻതോതിൽ മലനിരകളിലേക്കും തുറസ്സായ സ്ഥലങ്ങളിലേക്കും ഒഴുകിയെത്തി. പലരും ഈ പ്രകൃതി പ്രതിഭാസത്തെ ആഘോഷമാക്കിയപ്പോൾ, മറ്റുചിലർ കഫേകളിലും വ്യൂ പോയിൻറുകളിലും ഇരുന്ന് തണുപ്പും തെളിഞ്ഞ ആകാശവും ആസ്വദിക്കുന്നത് കാണാമായിരുന്നു.

തുടർച്ചയായി പെയ്ത മഴയും ആലിപ്പഴവും പ്രദേശത്തെ മലനിരകളുടെയും ഭൂപ്രകൃതിയുടെയും ഭംഗി വർധിപ്പിച്ചു. ഒലിച്ചിറങ്ങുന്ന മഴവെള്ളത്തോടൊപ്പം ചേർന്ന ആലിപ്പഴക്കല്ലുകൾ അൽ ബാഹയുടെ ഭൂപ്രകൃതിക്ക് ഒരു പുതിയ ദൃശ്യാനുഭവം പകർന്നു.


സുരക്ഷാ മുൻകരുതലുകൾ

നിലവിലെ കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് ഔദ്യോഗിക സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും റോഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകൾ ഫീൽഡ് പ്രവർത്തനങ്ങൾ തുടരുകയാണ്. വാദികളിൽ നിന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തി​െൻറ റിപ്പോർട്ട് പ്രകാരം അൽ ബാഹ മേഖലയിൽ വരുന്ന വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.


അൽ ബാഹ നഗരം, അൽ അഖീഖ്, അൽ ഖുറാ, അൽ മന്ദഖ്, ബൽജുറാഷി, ബാനി ഹസൻ, അൽ മഖ്‌വ, ഖിൽവ, അൽ ഹജ്‌റ, ഗാമിദ് അൽ സിനാദ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും മഴ തുടരും. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.



Tags:    
News Summary - Mountains and streets covered in silver silk in Al Baha; crowds of visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.