റിയാദ്: സൗദി അറേബ്യയിലെ ഉയരം കൂടിയ കൊടുമുടി ഏതെന്ന തർക്കത്തിന് ഒടുവിൽ പരിഹാരം. ഒരു സംഘം പർവതാരോഹരുടെ അഞ്ചു മണിക്കൂർ ദൗത്യം ദക്ഷിണ സൗദിയിലെ ‘ഫർവ’ പർവതത്തിനാണ് ആ അത്യുന്നത സ്ഥാനം എന്ന് അന്തിമമായി നിർണയിച്ചു. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം അളന്ന് തിട്ടപ്പെടുത്തി ‘ഫർവ’ സൗദിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി പ്രഖ്യാപിച്ചു.
അസീർ പ്രവിശ്യയിലെ മലനിരകളിലൊന്നാണ് ഫർവ. ഇതേ മേഖലയിലെ ‘അൽസൗദ’ പർവതമാണ് ഇതോടെ രണ്ടാം സ്ഥാനത്തേക്കിറങ്ങിയത്. കടൽ നിരപ്പിൽ നിന്ന് 3,009 മീറ്ററാണ് ഫർവ കൊടുമുടിയുടെ ഉയരം. അൽസൗദയുടേത് 3,007ഉം. രണ്ട് മീറ്ററിെൻറ വ്യത്യാസം കാഴ്ചയിൽ മനസിലാക്കാൻ കഴിയാത്തതിനാൽ ഏതിനാണ് ഉയരം കൂടുതൽ എന്ന തർക്കം നിലനിന്നിരുന്നു. എന്നാൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അൽസൗദക്കാണ് ഉയരം കൂടുതലെന്ന ധാരണ പരന്നിരുന്നു. ഇതാണ് ഇപ്പോൾ തിരുത്തപ്പെട്ടത്.
പുതിയ കണ്ടെത്തലിെൻറ മലകയറ്റം നടത്തിയത് അമേരിക്കൻ വിദഗ്ധർ ഉൾപ്പെട്ട സൗദി പർവതാരോഹണ സംഘമാണ്. കുറ്റമറ്റ ശാസ്ത്രീയ വഴികളിലൂടെയാണ് അന്തിമ വിധി നിർണയത്തിെൻറ കൊടുമുടിയിൽ സംഘമെത്തിയത്. വിവിധ രാജ്യങ്ങളിലെ ഗിരിശൃംഗങ്ങൾ കയറുകയും ഉയരം അളന്നുതിട്ടപ്പെടുത്തുകയും ചെയ്തിട്ടുള്ള അമേരിക്കൻ വിദഗ്ധരെയും പരിചയസമ്പന്നരായ സൗദി യുവാക്കളെയും ഉൾപ്പെടുത്തി രൂപവത്കരിച്ച സംഘം നേടിയത് വലിയ വിജയമാണെന്ന് സംഘതലവൻ മാജിദ് അൽനാജി മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കക്കാരായ മാത്യു ഗിൽബർട്സൺ, എറിക് ഗിൽബർട്സൺ എന്നീ സഹോദരങ്ങളാണ് ദൗത്യം വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ 110 രാജ്യങ്ങളിലെ കൊടുമുടികളുടെ ഉയരം ഗിൽബർട്സൺ സഹോദരങ്ങൾ അളന്നുതിട്ടപ്പെടുത്തിയിട്ടുണ്ട്. ആ പരിചയസമ്പത്താണ് ഇവിടെ മുതൽക്കൂട്ടായത്്.
േഗ്ലാബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) നെക്കാൾ കുറ്റമറ്റ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജി.എൻ.എസ്.എസ്) ഉപയോഗിച്ചാണ് ഗിൽബർട്സ് സഹോദരങ്ങൾ പർവതങ്ങളുടെ ഉയരം അളക്കുന്നത്. എടുക്കുന്ന അളവുകളുടെ കൃത്യത പാലിക്കാൻ ഇൗ സംവിധാനത്തിന് കഴിയും. യഥാർഥ അളവിൽ നിന്ന് നേരിയ വ്യത്യാസമുണ്ടായാൽ പോലും അത് 10 സെൻറീമീറ്ററിൽ കൂടില്ല.
പർവതാരോഹണം ഒരു ഇനമായി ആഭ്യന്തര കായിക രംഗത്ത് പരിപോഷിപ്പിക്കാനും ലോകമെങ്ങും സൗദി പർവതാരോഹകരെ എത്തിക്കാൻ കഴിയും വിധം വിവിധ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് മാജിദ് അൽനാജി കൂട്ടിച്ചേർത്തു.
പുതുതായി കണ്ടെത്തിയ ഫർവ കൊടുമുടി അൽസൗദയോളം അറിയപ്പെട്ടിട്ടില്ല. അടിവാരത്തിൽ ചരിത്രത്തിലെ ഏറ്റവും പ്രധാനെപ്പട്ട റിജാൽ അൽമ പൈതൃക ഗ്രാമത്തെ കാത്തുസൂക്ഷിക്കുന്ന അൽസൗദക്ക് സൗദി വിനോദ സഞ്ചാര ഭൂപടത്തിൽ നേരത്തെ തന്നെ സുപ്രധാന സ്ഥാനമുണ്ട്. കാലങ്ങൾക്ക് മുമ്പ് മുതലേ വിനോദ സഞ്ചാരികളും ചരിത്രകുതുകികളും അൽസൗദ സന്ദർശിക്കുന്നു. താഴ്വരയിലേക്ക് മലമുകളിൽ നിന്ന് റോപ്വേ ഗതാഗതമുള്ളതിനാൽ അബഹ വിനോദ സഞ്ചാര മേഖലയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായും അൽസൗദക്ക് രാജ്യാന്തര പ്രശസ്തിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.