അടുത്ത ഹജ്ജ് സീസണിനുള്ള പ്രധാന ഒരുക്കങ്ങൾ വിലയിരുത്തി ഹജ്ജ്, ഉംറ മന്ത്രാലയം

റിയാദ്: എട്ട് മാസം മാത്രം ശേഷിക്കെ വരാനിരിക്കുന്ന ഹജ്ജ് സീസണിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരുക്കങ്ങൾ ഹജ്ജ്, ഉംറ മന്ത്രാലയം വിലയിരുത്തി. ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ശ്രമങ്ങൾ മന്ത്രാലയത്തിന് കീഴിൽ തുടരുകയാണ്. റബീഉൽ അവ്വൽ മാസത്തിൽ പൂർത്തിയാക്കിയ യോഗങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും തീർഥാടകരുടെ വിശ്വാസാനുഭവം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഇത് സ്ഥിരീകരിക്കുന്നു.

തീർഥാടകരുടെ ഗതാഗത അനുഭവത്തിന്റെ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ‘സൗദി ബസുകൾ’ സംരംഭം ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായും ഹജ്ജ് അഫയേഴ്‌സ് ഓഫിസുകളുമായും 50ലധികം മീറ്റിങ്ങുകൾ നടത്തിയതിനു പുറമേ വരാനിരിക്കുന്ന സീസണിലേക്കുള്ള തയാറെടുപ്പിനായി ഹജ്ജ് അഫയേഴ്‌സ് ഓഫിസുകൾ വഴി 60ലധികം രാജ്യങ്ങളുടെ പ്രതിനിധികളുമായി ഏകോപനം നടത്തിയതായി മന്ത്രാലയം വിശദീകരിച്ചു.

‘നുസുക് മസാർ’ പ്ലാറ്റ്‌ഫോം വിദേശത്തു നിന്നുള്ള തീർഥാടകർക്കായി 16ൽ അധികം കമ്പനികൾക്ക് അംഗീകാരം നൽകി. ഒരേ പ്ലാറ്റ്‌ഫോമിലൂടെ 75 ൽ അധികം രാജ്യങ്ങൾക്കുള്ള സർവിസ് ഗൈഡുകളുടെ ഓട്ടോമേഷൻ പൂർത്തിയാക്കി. ഇന്നുവരെ 189 ൽ അധികം ഹോസ്പിറ്റാലിറ്റി സെന്ററുകൾ തീർഥാടകർക്ക് ഒരുക്കി. വിദേശത്തു നിന്നുള്ള തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് 24 ൽ അധികം കമ്പനികളെ യോഗ്യരാക്കുകയും അവരുടെ സന്നദ്ധത ഉറപ്പാക്കുകയും ചെയ്തു.

സേവനങ്ങൾ വികസിപ്പിക്കുന്നതിനും തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി മന്ത്രാലയം 25ൽ അധികം വർക്ക്‌ഷോപ്പുകൾ നടത്തി. ഹജ്ജ് സീസണിൽ നടപ്പിലാക്കുന്നതിനായി അംഗീകരിച്ച 25ൽ അധികം നൂതന സംരംഭങ്ങൾ ആരംഭിച്ചു.

സൗദിക്കുള്ളിലെ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് 11 ൽ അധികം കമ്പനികൾക്ക് ലൈസൻസ് നൽകി. മന്ത്രാലയത്തിന്റെ സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങൾക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങി. 1447 ലെ വരാനിരിക്കുന്ന ഹജ്ജ് സീസണിൽ സന്നദ്ധസേവനം നടത്താൻ ആഗ്രഹിക്കുന്നവരെ രജിസ്റ്റർ ചെയ്യുന്നതിനായി ഒരു ഡാറ്റാബേസ് ആരംഭിച്ചതായും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് സീസണിനായുള്ള സമഗ്ര പദ്ധതിയുടെയും വർഷം മുഴുവനും നടക്കുന്ന തയ്യാറെടുപ്പുകളുടെയും ഭാഗമാണ് ഈ ശ്രമങ്ങളെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം പറഞ്ഞു. തീർഥാടകരെ സേവിക്കാനും അവരുടെ വിശ്വാസ യാത്ര എളുപ്പത്തിലും മനസ്സമാധാനത്തോടെയും സുഗമമാക്കാനും ലക്ഷ്യമിടുന്ന വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗവും കൂടിയതാണിതെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.

Tags:    
News Summary - Ministry of Hajj and Umrah reviews key preparations for next Hajj season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.