മക്ക: ഹജ്ജ്, ഉംറ തീർഥാടകർക്ക് നൽകുന്ന ഭക്ഷണ സർവിസുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഈ മേഖലയിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഹജ്ജ്, ഉംറ മന്ത്രാലയം ‘കാറ്ററിങ് ചലഞ്ച്’ ആരംഭിച്ചു. മന്ത്രാലയത്തിന്റെ മക്കയിലെ ആസ്ഥാനത്താണ് ഈ മത്സരം തുടങ്ങിയത്.
സേവന നിലവാരം ഉയർത്തുക, സൗദി ഷെഫുമാരെ പ്രോത്സാഹിപ്പിക്കുക, പുതിയ സംരംഭങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. ആഗോള ഗുണനിലവാരവും സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്ന നൂതന ആശയങ്ങൾ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് തീർഥാടകർക്കുള്ള ഭക്ഷണം തയാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും പുതിയ മാർഗങ്ങൾ കണ്ടെത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
സൗദിയിലെ കഴിവുറ്റ ഷെഫുമാരെ ഈ വെല്ലുവിളിയിലേക്ക് ആകർഷിക്കാൻ മന്ത്രാലയം ശ്രമിക്കുന്നു. ഹജ്ജ്, ഉംറ തീർഥാടകരുടെ ആത്മീയ അനുഭവത്തെ പ്രതിഫലിക്കുന്ന തരത്തിൽ മികച്ച ഭക്ഷണരീതികൾ വികസിപ്പിക്കാൻ അവരെ ഇത് പ്രേരിപ്പിക്കും. മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ, ക്രിയേറ്റിവിറ്റി, സംരംഭകത്വ കേന്ദ്രത്തിന്റെ പ്രധാന പരിപാടിയാണിത്.
സ്റ്റാർട്ടപ്പുകളുമായും സംരംഭകരുമായും സഹകരിച്ച്, മികച്ച ആശയങ്ങളെ പ്രായോഗികമായ പദ്ധതികളാക്കി മാറ്റാൻ ഈ ചലഞ്ച് സഹായിക്കും. സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങളുമായി പൂർണമായും യോജിച്ചുപോകുന്ന രീതിയിൽ തീർഥാടകർക്ക് മികച്ചതും സമഗ്രവുമായ സേവനങ്ങൾ നൽകാനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.