മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് ; കരുത്തുപകരാൻ പ്രാദേശിക സഹകരണം അത്യാവശ്യമെന്ന് സൗദി അറേബ്യ

ജിദ്ദ: മിഡിലീസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവ് (എം.ജി.ഐ) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അംഗരാജ്യങ്ങൾക്കിടയിൽ ശക്തമായ പ്രാദേശിക സഹകരണവും ഏകോപിത ശ്രമങ്ങളും അനിവാര്യമാണെന്ന് സൗദി അറേബ്യ. ജിദ്ദയിൽ നടന്ന മിഡിലീസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവ് മന്ത്രിതല യോഗത്തിലാണ് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ ബിൻ അൽഫദ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽനിന്നുള്ള 30 അംഗരാജ്യങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു യോഗം. പരിസ്ഥിതി സംരക്ഷണം, ഹരിത വിസ്തൃതി വർധിപ്പിക്കൽ, മരുഭൂമീകരണം തടയൽ, കാലാവസ്ഥ വ്യതിയാനം നേരിടൽ എന്നീ മേഖലകളിൽ സംരംഭം വലിയ മുന്നേറ്റം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീൻ ഇനിഷ്യേറ്റിവിലേക്ക് പുതുതായി ചേർന്ന ഘാന, സിയറ ലിയോൺ, ശ്രീലങ്ക, സിറിയ എന്നീ രാജ്യങ്ങളെ മന്ത്രി സ്വാഗതം ചെയ്തു. സംരംഭത്തിെൻറ സുഗമമായ പ്രവർത്തനത്തിനായി റിയാദിൽ സ്ഥിരമായ സെക്രട്ടേറിയറ്റ് സ്ഥാപിക്കുന്നതോടെ പദ്ധതി പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി വിശദീകരിച്ചു.

മേഖലയിലുടനീളം 3,700 കോടി മരങ്ങൾ നട്ടുപിടിപ്പിക്കാനും 9.2 കോടി ഹെക്ടർ നശിച്ച ഭൂമി പുനരുജ്ജീവിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനകം 3,50 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുകയും 5.5 ലക്ഷം ഹെക്ടർ ഭൂമി വീണ്ടെടുക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.‘നശിച്ചുപോയ ഭൂമി പുനരധിവസിപ്പിക്കുക എന്നത് കേവലം പരിസ്ഥിതി പ്രവർത്തനം മാത്രമല്ല, മറിച്ച് വരുംതലമുറകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ഉറച്ച ചുവടുവെപ്പാണ്. ഇതിനായി അന്താരാഷ്ട്ര തലത്തിലുള്ള ശ്രമങ്ങൾ ഏകീകരിക്കേണ്ടതുണ്ട്.’ -എൻജി. അബ്ദുറഹ്മാൻ ബിൻ അൽഫദ്‌ലി ചൂണ്ടിക്കാട്ടി.

മരുഭൂമീകരണത്തിെൻറ ആഘാതം കുറക്കാനും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനും മിഡിലീസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവ് ഒരു സുപ്രധാന വേദിയായി മാറി. നിലവിലുള്ള വെല്ലുവിളികളെ സംയുക്തമായി നേരിടാൻ എല്ലാ അംഗരാജ്യങ്ങളും ഒത്തൊരുമിച്ച് നീങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു.

Tags:    
News Summary - Middle East Green Initiative: Saudi Arabia says regional cooperation essential to strengthen it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.