റിയാദ്: സൗദി അറേബ്യയിൽ ഹൃദ്രോഗബാധിതരുടെയും അതീവ ജാഗ്രത ആവശ്യമുള്ളവരുടെയും ആരോഗ്യസ്ഥിതി തുടർച്ചയായി നിരീക്ഷിക്കുന്നതിനായി ‘മെഡിക്കൽ സ്മാർട്ട് വാച്ച്’ പദ്ധതിക്ക് തുടക്കമായി. മക്ക അൽ മുകർറമ ഹെൽത്ത് ക്ലസ്റ്റർ പുറത്തിറക്കിയ ഈ ഡിജിറ്റൽ സംരംഭം, കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി നടപ്പാക്കുന്ന വെർച്വൽ ഹെൽത്ത് കെയർ സിസ്റ്റത്തിെൻറ ഭാഗമാണ്.
റിയാദിലെ ‘സഹ വെർച്വൽ ഹോസ്പിറ്റലിെൻറ’കീഴിലുള്ള മക്ക വെർച്വൽ ഹോസ്പിറ്റലുമായി ബന്ധിപ്പിച്ചാണ് ഈ വെയറബിൾ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. ഇതിലൂടെ രോഗികൾക്ക് ആശുപത്രിക്ക് പുറത്തും മികച്ച മെഡിക്കൽ പരിചരണം ഉറപ്പാക്കാനും ആരോഗ്യ നിരീക്ഷണത്തിെൻറ കാര്യക്ഷമത വർദ്ധിപ്പിക്കാനും സാധിക്കും.
ഈ വാച്ചിലൂടെ രോഗിയുടെ ഹൃദയമിടിപ്പ്, ഇ.സി.ജി, രക്തത്തിലെ ഓക്സിജെൻറ അളവ്, രക്തസമ്മർദ്ദം, ശരീര താപനില, ശാരീരിക ചലനങ്ങൾ എന്നിവ നിരന്തരം നിരീക്ഷിച്ച് തത്സമയം ഡിജിറ്റൽ കൺട്രോൾ റൂമുകളിലെ മെഡിക്കൽ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കുന്നു. ഇത് അടിയന്തിര ഘട്ടങ്ങളിൽ അതിവേഗം കൃത്യമായ വൈദ്യസഹായം എത്തിക്കാൻ ഡോക്ടർമാരെ പ്രാപ്തരാക്കുന്നു.
ആശുപത്രി മതിലുകൾക്ക് പുറത്തും കൃത്യമായ നിരീക്ഷണം ഉറപ്പാക്കാൻ സ്മാർട്ട് സാങ്കേതികവിദ്യകൾ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്നതിെൻറ തെളിവാണ് ഈ അത്യാധുനിക മാതൃകയെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ വ്യക്തമാക്കി.
ഹൃദയസ്തംഭനം സംഭവിച്ചവർ, ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവരിലാണ് ഈ സേവനം പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ ഹജ്ജ് തീർത്ഥാടന വേളയിൽ ആരോഗ്യനിലയിലെ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്താൻ സഹായിച്ചതിലൂടെ ഒട്ടേറെ തീർത്ഥാടകർക്ക് ഇത് വലിയ തുണയായിരുന്നു.
സൗദി വിഷൻ 2030, ഹെൽത്ത് ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി ആവിഷ്കരിച്ച ഈ ഉപകരണം സാധാരണ സ്മാർട്ട് വാച്ചുകളുടെ രൂപകൽപ്പനയിലുള്ളതായതിനാൽ രോഗിയുടെ സാധാരണ ജീവിതചര്യകൾക്ക് തടസ്സമുണ്ടാക്കാതെ, അവരുടെ സ്വകാര്യതയും അന്തസ്സും പൂർണമായി സംരക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.