റിയാദിൽ മലയാളി യുവാവ് ജയില്‍ മോചിതനായി

റിയാദ്: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ രണ്ടു ലക്ഷത്തിലധികം റിയാലിന്‍െറ സാമ്പത്തിക തിരിമറി നടന്നതിന്‍െറ പേരില്‍ അഞ്ചു വര്‍ഷം ജയിലില്‍ കഴിഞ്ഞ യുവാവിന് മോചനം. മലപ്പുറം മങ്കട അമ്പലക്കുത്ത് വീട്ടില്‍ ഹാരിസ് (39) ആണ് ജയില്‍ മോചിതനായത്. റിയാദ് ബത്ഹയിലെ ഇലക്ട്രോണിക്സ് കമ്പനി ഷോറൂമില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ഹാരിസ് 2011 സെപ്റ്റംബര്‍ 22നാണ് ഉടമയുടെ പരാതിയില്‍ ജയിലിലാവുന്നത്. സ്ഥാപനത്തില്‍ നടന്ന കണക്കെടുപ്പില്‍ 2,19,000 റിയാലിന്‍െറ ക്രമക്കേട് നടന്നതായി കണ്ടത്തെിയിരുന്നു.

രണ്ട് യു.പി സ്വദേശികളും ഒരു ബംഗാളിയും കൂടെ ജോലിക്കുണ്ടായിരുന്നു. എന്നാല്‍ ഹാരിസിനെ പോലിസ് അറസ്റ്റു ചെയ്ത വിവരം അറിഞ്ഞ് ഇവര്‍ നാട്ടിലേക്കു മുങ്ങി. അറസ്റ്റു വിവരം അറിഞ്ഞ ബന്ധുക്കള്‍ പ്രവാസികാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദ്, ലീഗ് നേതാവ് അഹ്മദ് കബീര്‍, മഞ്ഞളാംകുഴി അലി എന്നിവരെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇവരുടെ നിര്‍ദേശ പ്രകാരം സാമൂഹിക പ്രവര്‍ത്തകന്‍െറ സഹായത്തോടെ ഹാരിസിന്‍െറ ജ്യേഷ്ഠന്‍ സിറാജ് സ്ഥാപനയുടമയുമായി ചര്‍ച്ച നടത്തി. 50,000 റിയാല്‍ തന്നാല്‍ മോചിപ്പിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

എന്നാല്‍, പണം ലഭിച്ചിട്ടും ഹാരിസിനെ മോചിപ്പിക്കാന്‍ തൊഴിലുടമ തയ്യാറായില്ല. പിന്നീട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിച്ച് സഹോദരന്‍ സഹായം അഭ്യര്‍ഥിച്ചു. ഹാരിസ് നിരപരാധിയാണെന്ന് ബോധ്യമായതോടെ കേസില്‍ ഇടപെടുന്നതിന് സംഘടന ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എംബസിയില്‍ നിന്നു ലഭിച്ച അനുമതി പത്രത്തോടെ മലാസ് ജയിലില്‍ ചെന്ന് ഹാരിസിനെ സന്ദര്‍ശിച്ചു വിശദ വിവരങ്ങള്‍ അന്വേഷിച്ചു. തൊഴിലുടമയുമായി നടത്തിയ ചര്‍ച്ചയില്‍ നഷ്ടത്തിന്‍െറ നിശ്ചിത ശതമാനം നല്‍കിയാല്‍ കേസ് പിന്‍വലിക്കാം എന്ന് സമ്മതിച്ചു. ഇതനുസരിച്ച് പ്രവാസി സുമനസ്സുകള്‍ ചേര്‍ന്ന് 26,548 റിയാല്‍ സ്വരൂപിച്ചുവെങ്കിലും 1,45,000 റിയാല്‍ വേണമെന്ന് തൊഴിലുടമ നിലപാട് മാറ്റി.

ഇതോടെ കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. പ്രമുഖ റിട്ട. ജഡ്ജിയുടെ നിയമോപദേശം പ്രകാരം ആവശ്യമായ നീക്കങ്ങള്‍ നടത്തി. അഞ്ചു വര്‍ഷമായി കുറ്റം പോലും തെളിയിക്കപ്പെടാതെ ഹാരിസ് ്ജയിലില്‍ കഴിയുകയാണെന്ന് കോടതിക്കു ബോധ്യപ്പെടുകയും ജാമ്യത്തില്‍ വിടാന്‍ ഉത്തരവിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് മലാസ് ജയിലില്‍ നിന്നു ബത്ഹ സ്റ്റേഷനിലേക്കു മാറ്റി. പിന്നീട് സ്വദേശി പൗരന്‍െറ ജാമ്യത്തില്‍ ഇറക്കുകയായിരുന്നു. കേസ് കോടതിയില്‍ തീര്‍പ്പാവണമെങ്കില്‍ പരമാവധി ആറുമാസം വരെയാണ് കണക്കാക്കുന്നത് എങ്കിലും മൂന്നുമാസത്തിനുള്ളില്‍ തന്നെ ഹാരിസിനെ നാട്ടിലത്തെിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സോഷ്യല്‍ ഫോറം നേതാക്കളായ ബഷീര്‍ ഈങ്ങാപ്പുഴ, മുനീബ് പാഴൂര്‍, മുസ്തഫ ചാവക്കാട് എന്നിവര്‍ പറഞ്ഞു.

വിവാഹം കഴിഞ്ഞ് 18 ദിവസം കഴിഞ്ഞയുടനെ ജോലി തേടി റിയാദിലത്തെിയ ഹാരിസ് രണ്ടര വര്‍ഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങാനിരിക്കുമ്പോഴായിരുന്നു ജയിലിലായത്. ഏഴര വയസ്സുകാരിയായ മകളെ കാണാനും താലോലിക്കാനും വൈകാതെ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍.

 

Tags:    
News Summary - malayali man released in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.