മക്കയിൽനിന്ന് മദീനയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മലയാളി ഹാജിമാർ

മലയാളി ഹാജിമാരുടെ മദീന സന്ദർശനത്തിന് തുടക്കമായി; ആദ്യസംഘം പ്രവാചക നഗരിയിൽ

മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പുണ്യഭൂമിയിലെത്തിയ മലയാളി തീർഥാടകരുടെ മദീന സന്ദർശനത്തിന് തുടക്കമായി. വ്യാഴാഴ്ച പുറപ്പെട്ട 855 തീർഥാടകർ അടങ്ങുന്ന ആദ്യസംഘം പ്രവാചക നഗരിയിൽ എത്തിച്ചേർന്നു. ഹജ്ജ് സർവീസ് കമ്പനി ഒരുക്കിയ പ്രത്യേക ബസുകളിലാണ് ഹാജിമാരെ മദീനയിലേക്ക് കൊണ്ടുപോകുന്നത്.

തീർഥാടകരുടെ യാത്രാക്ലേശം ഒഴിവാക്കുന്നതിനായി, ലഗേജുകൾ യാത്രയ്ക്ക് മുന്നോടിയായിത്തന്നെ ശേഖരിച്ച് പ്രത്യേക ട്രക്കുകൾ വഴി മദീനയിലെ താമസസ്ഥലങ്ങളിൽ എത്തിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹാജിമാരുടെ മദീന സന്ദർശനം തിങ്കളാഴ്ച മുതൽത്തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള പകുതിയോളം തീർഥാടകർക്ക് ഇത്തവണ ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ വഴിയാണ് മദീന സന്ദർശനത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതിെൻറ ആനുകൂല്യം ഏതാനും മലയാളി ഹാജിമാർക്കും ലഭിക്കും.

തീർഥാടകർക്ക് മദീനയിലെ പ്രവാചക പള്ളിക്ക് (മസ്ജിദുന്നബവി) തൊട്ടടുത്തുള്ള ‘മർക്കസിയ്യ’ ഏരിയയിലാണ് താമസമൊരുക്കിയിരിക്കുന്നത്. ഇത് ഹാജിമാർക്ക് പള്ളിയിലെത്തി നമസ്കരിക്കാനും പ്രാർത്ഥനകളിൽ പങ്കെടുക്കാനും ഏറെ എളുപ്പമാകും. എട്ടു ദിവസത്തെ മദീന വാസത്തിനു ശേഷം ഈ മാസം 13 മുതലാണ് ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിക്കുക. ഇതിൽ കൊച്ചിയിൽ നിന്നുള്ള ‘ഷോർട്ട് ഹജ്ജ്’ വിഭാഗത്തിൽപ്പെട്ട തീർഥാടകർ മൂന്ന് ദിവസം മദീനയിൽ തങ്ങിയ ശേഷം ഈ മാസം 11-ലെ ആദ്യ വിമാനത്തിൽ കൊച്ചിയിലേക്ക് തിരിക്കും. ബാക്കിയുള്ള ഹാജിമാരുടെ മടക്കം ജൂൺ 12, 13 തീയതികളിലായിരിക്കും. മദീനയിലെത്തുന്ന തീർഥാടകരുടെ പ്രധാന കർമം പ്രവാചക പള്ളിയിലെ നമസ്കാരവും പ്രാർത്ഥനകളുമാണ്.

പ്രവാചകെൻറ മിമ്പറിനും ഖബറിനും ഇടയിലുള്ള ‘റൗദ ശരീഫ്’ സന്ദർശനത്തിന് വിശ്വാസികൾ ഏറെ പ്രാധാന്യമാണ് കൽപ്പിക്കുന്നത്. റൗദ സന്ദർശനത്തിനുള്ള പ്രത്യേക അനുമതിപത്രം ഹജ്ജ് മിഷൻ തീർഥാടകർക്ക് ലഭ്യമാക്കും. സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിലായിരിക്കും ഹാജിമാരെ റൗദ സന്ദർശനത്തിനായി കൊണ്ടുപോകുക. ഇതിനുപുറമേ മദീനയിലെ ചരിത്രപ്രസിദ്ധമായ ഇതര സ്ഥലങ്ങളും ഹാജിമാർ സ്വന്തം നിലയിലോ കൂട്ടായോ സന്ദർശിക്കും. ഇസ്‌ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മസ്ജിദുൽ ഖുബാ, ഉഹുദ് രക്തസാക്ഷികളുടെ ഖബറിടം, മസ്ജിദുൽ ഖിബ്‌ലതൈൻ, ഖുർആൻ പ്രിൻറിങ് ഫാക്ടറി തുടങ്ങിയ വിവിധയിടങ്ങളിൽ തീർഥാടകർ സന്ദർശനം നടത്തും. മലയാളി ഹാജിമാരിൽ കണ്ണൂർ ഭാഗത്തുനിന്നുള്ളവരുടെ മടക്കയാത്ര ഈ മാസം 21-നും കോഴിക്കോട്ടേക്കുള്ളവരുടെ യാത്ര 23-നും ആരംഭിക്കും. ജൂൺ 30-ഓടെ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മദീന സന്ദർശനം പൂർത്തിയാക്കി ജന്മനാട്ടിലേക്ക് മടങ്ങും.

Tags:    
News Summary - Malayali Haj pilgrims' visit to Madinah begins; the first group arrives in the Prophet's city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.