'സൗദി ഡാക്കർ റാലി'യിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന മലയാളി ഹാരിത് നോഹ

'സൗദി ഡാക്കർ റാലി'യിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി താരവും

ജിദ്ദ: 44-ാമത് എഡിഷൻ 'സൗദി ഡാക്കർ റാലി'യിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയവരിൽ ഒരു മലയാളി താരവും. പാലക്കാട് ജില്ലയിലെ ഷൊർണൂർ വാടാനംകുർശിക്കടുത്ത കണയം ഗ്രാമത്തിൽ നിന്ന് ഹാരിത് നോഹയാണ് മത്സരത്തിലെ ബൈക്കോട്ട വിഭാഗത്തിൽ ലോകറെക്കോർഡിനായി ഇന്ത്യൻ പതാകയേന്തുന്നത്.

കണയത്തെ കെ.വി മുഹമ്മദ് റാഫിയുടേയും ജർമൻകാരിയായ ഭാര്യ സൂസന്നയുടേയും മകനാണ് ഹാരിത് നോഹ. ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തിൽ സംഗീതം പഠിക്കാനെത്തിയ ജർമനിയിലെ കൊളോൺ സ്വദേശി സൂസന്നയെ ഷൊർണൂർ മുനിസിപ്പൽ ബസ്സ്റ്റാന്റിനു സമീപം ബേക്കറി നടത്തുകയായിരുന്ന കെ.വി മുഹമ്മദ് റാഫി വിവാഹം കഴിക്കുകയായിരുന്നു. ഇരുവരും പിന്നീട് ജർമനിയിലേക്കു പോവുകയും ഏറെക്കാലം കൊളോണിൽ താമസിക്കുകയും ശേഷം ഹാരിത് നോഹക്ക് രണ്ടുവയസ്സുള്ളപ്പോൾ തിരികെ നാട്ടിലെത്തുകയും കണയം ഗ്രാമത്തിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.

ഹാരിത് നോഹ മാതാപിതാക്കളോടൊപ്പം

റേസിംഗ് സ്‌പോർട്‌സിനോടുള്ള പിതാവ് കെ.വി മുഹമ്മദ് റാഫിയുടെ താൽപര്യമാണ് ഹാരിത് നോഹയെയും ബൈക്ക് റൈസിങ് രംഗത്തേക്ക് ആകർഷിച്ചത്. പതിനെട്ടാം വയസ്സിൽ എം.ആർ.എഫ് നാഷനൽ സൂപ്പർ ക്രോസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതോടെ ഹാരിത് തികഞ്ഞ ഒരു ബൈക്കോട്ടക്കാരനായി മാറി. ടി.വി.എസ് റേസിംഗ് ടീമിന്റെ ഭാഗമായി ഏഴു ദേശീയ ചാമ്പ്യൻഷിപ്പുകളിലും ഹാരിത് വിജയിയായി.

2018 ൽ നടന്ന മൊറോക്കോ റാലിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തതും ഹാരിത് നോഹയായിരുന്നു. 2020 ൽ സൗദിയിൽ നടന്ന ഡാകർ റാലിയിൽ പങ്കെടുത്ത പരിചയത്തിലാണ് ഇദ്ദേഹം ഇത്തവണയും മാറ്റുരക്കുന്നത്. മുംബൈക്കാരനായ ആശിഷ്‌ റാവുവും ഇന്ത്യൻ പ്രതിനിധിയായി ഡാകർ റാലിയിൽ പങ്കെടുക്കുന്നുണ്ട്.

Tags:    
News Summary - malayalai representing India in Saudi Dakar Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.