മലപ്പുറം ജില്ല കെ.എം.സി.സി ഫൈവ്സ് ഫുട്ബാൾ വിജയ് മസാല ട്രോഫി നേടിയ കാളികാവ് ടീം
റിയാദ്: മലപ്പുറം ജില്ല കെ.എം.സി.സി കായികവിഭാഗം ‘സ്കോർ’ സംഘടിപ്പിച്ച ‘ബെസ്റ്റ് 32’ ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ വണ്ടൂർ മണ്ഡലത്തിലെ കാളികാവ് പഞ്ചായത്ത് കെ.എം.സി.സി ഫുട്ബാൾ ടീം വിജയികളായി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വാഴക്കാട് പഞ്ചായത്തിനെ പരാജയപ്പെടുത്തിയാണ് കാളികാവ് കെ.എം.സി.സി ടീം വിജയികളായത്. ജില്ലയിൽനിന്ന് തെരഞ്ഞെടുത്ത 32 പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.
സെമി ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അങ്ങാടിപ്പുറം പഞ്ചായത്തിനെ തോൽപിച്ചാണ് കാളികാവ് ഫൈനലിലേക്ക് കടന്നത്. മേലാറ്റൂർ പഞ്ചായത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി വാഴക്കാടും ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ഫുട്ബാൾ ടൂർണമെന്റ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു.
രണ്ടാം ദിനം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ കിക്കോഫ് ചെയ്തു. ടൂർണമെന്റിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിൽ 16 മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രവർത്തകർ അണിനിരന്നു. മാർച്ച് പാസ്റ്റിലെ മികച്ച പ്രകടനത്തിനുള്ള അവാർഡിന് താനൂർ, മലപ്പുറം മണ്ഡലം കമ്മിറ്റികൾ അർഹരായി. ടൂർണമെന്റിലെ മികച്ച കളിക്കാരനും കൂടുതൽ ഗോൾ നേടിയ കളിക്കാരനുമായി കാളികാവിന്റെ ഡാനീഷിനെ തെരഞ്ഞെടുത്തു. മികച്ച ഗോൾകീപ്പറായി കാളികാവിന്റെ നഹീലും മികച്ച പ്രതിരോധ താരമായി വാഴക്കാടിന്റെ സക്കരിയയും വെറ്ററൻ താരമായി അങ്ങാടിപ്പുറം പഞ്ചായത്തിലെ സൈതലവിയേയും തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫി മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ടും സ്കോർ ചെയർമാൻ ഷക്കീൽ തിരൂർക്കാടും ചേർന്ന് നൽകി. റണ്ണേഴ്സ് ട്രോഫി ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സഫീർ മുഹമ്മദും സ്കോർ കൺവീനർ മൊയ്തീൻ കുട്ടി പൊന്മളയും ചേർന്ന് നൽകി.
വിവിധ ട്രോഫികൾ ഉസ്മാൻ അലി പാലത്തിങ്ങൽ, കെ.കെ. കോയാമു ഹാജി, മുഹമ്മദ് വേങ്ങര, തെന്നല മൊയ്തീൻകുട്ടി, സത്താർ താമരത്ത്, അഷ്റഫ് കല്പകഞ്ചേരി, ഷാഫി തുവ്വൂർ, മുനീർ വാഴക്കാട് എന്നിവർ കൈമാറി. ജില്ലാ ഭാരവാഹികളായ മുനീർ മക്കാനി, ഷരീഫ് അരീക്കോട്, നൗഫൽ താനൂർ, മജീദ് മണ്ണാർമല, അർഷദ് ബാഹസ്സൻ തങ്ങൾ, സഫീർ കരുവാരകുണ്ട്, യൂനുസ് നാണത്ത്, സലാം പയ്യനാട്, ഇസ്മാഈൽ ഓവുങ്ങൽ, ശബീറലി പള്ളിക്കൽ, റഫീഖ് ചെറുമുക്ക്, സ്കോർ സമിതി അംഗങ്ങളായ അഷ്റഫ് മോയൻ, നൗഷാദ് ചക്കാല, സാലിഹ് കൂട്ടിലങ്ങാടി, ഹംസകോയ പള്ളിക്കൽ, ആതിഫ് തവനൂർ, ഷുക്കൂർ വടക്കേമണ്ണ, ജാഫർ കാളികാവ്, ഷാജി ഏറനാട്, സിദ്ദീഖ് കോനരി, നൗഫൽ തൊമ്മങ്ങാടൻ, ഷറഫു തേഞ്ഞിപ്പലം, ഫർഹാൻ കല്ലൻ, ഹംസ കട്ടുപ്പാറ, നസീർ കണ്ണീരി, പി.ടി. നൗഷാദ്, റസാഖ് പൊന്നാനി, മണ്ഡലം കോഓഡിനേറ്റമാരായ ഇ.കെ. ഷകീർ, ഫിറോസ് പള്ളിപ്പടി, സഫീർ സിനാൻ, എം.കെ. അബ്ദുൽ ബാസിത്, ഇക്ബാൽ തിരൂർ, ഷഫീഖ് ബീരാൻ, മൊയ്ദീൻ കുട്ടി പൂവ്വാട്, അമീർ പൂക്കോട്ടോർ, ഫൈസൽ മണ്ണാർമല, ജംഷി നിലംബൂർ, അബ്ദു ഷുക്കൂർ വെള്ളിയത്, ബഷീർ വല്ലാഞ്ചിറ, യു.എം. നിസാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.