മദീന: ഹജ്ജ് കഴിഞ്ഞതോടെ കച്ചവട കേന്ദ്രങ്ങളിലും ഷോപ്പിങ് സമുച്ചയങ്ങളിലും തിരക്കേറി. മദീന സന്ദർശനത്തിനെത്തിയ തീർഥാടകർ സ്വദേശത്തേക്ക് തിരിക്കുന്നതിന് മുമ്പ് ആവശ്യമായ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ്. മസ്ജിദുന്നബവിക്കടുത്ത കടകളിലാണ് തിരക്ക് കൂടുതൽ. തുണി വിൽപന കടകൾ, റെഡിമെയ്ഡ് കടകൾ, ജ്വല്ലറികൾ, തസ്ബീഹ്മാല, മുസല്ല, ഇലക്ട്രോണിക് ഉപകരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ബാഗുകൾ എന്നിവ വിൽക്കുന്ന കടകളിലാണ് തീർഥാടകർ കൂടുതലായെത്തുന്നത്. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഉപഹാരമായി നൽകാൻ തസ്ബീഹ് മാല, നമസ്കാര വിരിപ്പ് എന്നിവയാണ് തീർഥാടകർ കൂടുതൽ വാങ്ങിക്കൂട്ടുന്നത്. ഹറമിെൻറ പടിഞ്ഞാറ് ഭാഗത്തെ ഇൗത്തപഴ സൂഖും ഹജ്ജ് കഴിഞ്ഞതോടെ സജീവമായി. അജ്വ ഇൗത്തപ്പഴത്തിനാണ് ഡിമാൻറ്.
കിലോക്ക് 35 മുൽ 85 റിയാൽ വരെ ഇതിനു വിലയുണ്ട്. ആഭരണങ്ങൾ വാങ്ങുന്നവരും കുറവല്ല. സൗദിയിൽ ഉൽപാദിപ്പിക്കുന്ന സ്വർണാഭരണങ്ങൾക്കാണ് ഡിമാൻറ്. ഗുണമേന്മ കൂടുതലായതിനാലാണ് തീർഥാടകർക്കിടയിൽ സൗദി സ്വർണത്തിന് ആവശ്യക്കാർ കൂടുതലെന്ന് ഇൗ രംഗത്തെ കച്ചവടക്കാർ പറയുന്നു. കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ സ്വർണ ആഭരണങ്ങളുണ്ടെങ്കിലും സൗദി ഉൽപന്നങ്ങൾക്കാണ് തീർഥാടകർ മുൻഗണന നൽകുന്നത്.
പാക്കിസ്ഥാൻ തീർഥാടകർക്ക് ഏറ്റവും പ്രിയം സ്വർണ വളകളോടാണെങ്കിൽ ഇന്തോനേഷ്യക്കാർക്ക് മോതിരങ്ങളാണ് വേണ്ടത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ മാല, മോതിരം, കമ്മൽ എന്നിവയുടെ സെറ്റ് വാങ്ങുന്നവരാണ്. സ്വർണ വിപണിയിൽ ഹജ്ജിനു മുമ്പ് കച്ചവടം മുൻവർഷത്തേക്കാൾ കുറവായിരുന്നുവെന്ന് കച്ചവടക്കാർ പറഞ്ഞു. ഹജ്ജ് കഴിഞ്ഞുണ്ടാകുന്ന തിരക്ക് മുൻകൂട്ടി കണ്ട് തീർഥാടകരെ ആകർഷിക്കുന്ന വിവിധ ഇനം സാധനങ്ങൾ കച്ചവടക്കാർ കടകളിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.