പിരിച്ചുവിടൽ: തൊഴില്‍ നിയമം ഭേദഗതി ചെയ്യും  

റിയാദ്: സൗദി തൊഴില്‍ നിയമത്തിലെ 77ാം അനുഛേദം ഭേദഗതി ചെയ്യാന്‍ ശൂറ കൗണ്‍സിലും തൊഴില്‍, സമൂഹ്യക്ഷേമ മന്ത്രാലയവും സംയുക്തമായി ശ്രമം ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുഛേദം ഉപയോഗപ്പെടുത്തി വ്യാപകമായി സ്വദേശികളെ പിരിച്ചുവിടുന്നതായി ശ്രദ്ധയില്‍പെട്ടതിനാലാണ് ഭേദഗതി അനിവാര്യമായിത്തീര്‍ന്നതെന്ന് ശൂറ കൗണ്‍സിലിലെ സാമൂഹ്യക്ഷേമ സമിതി മേധാവി ഡോ. അബ്​ദുല്ല അല്‍ഫൗസാന്‍ പറഞ്ഞു.

തൊഴിലാളിയെ പിരിച്ചുവിടുന്ന വേളയില്‍ ജോലി ചെയ്ത ഓരോ വര്‍ഷത്തിനും 15 ദിവസത്തെ വേതനം ആനുകൂല്യമായി നല്‍കുക, തൊഴില്‍ കരാറിന് കാലാവധി നിര്‍ണയിച്ചിട്ടുണ്ടെങ്കില്‍ കാലാവധിയില്‍ അവശേഷിക്കുന്ന കാലത്തേക്കുള്ള വേതനം നല്‍കുക, ഏത് സാഹചര്യത്തിലും പിരിച്ചുവിടല്‍ ആനുകൂല്യം രണ്ട് മാസത്തെ വേതനത്തില്‍ കുറയാതിരിക്കുക എന്നീ മൂന്ന് നിബന്ധനകളാണ് 77ാം അനുഛേദത്തില്‍ പറയുന്നത്. ഇതനുസരിച്ച് രണ്ട് മാസത്തെ വേതനം നല്‍കി സ്വകാര്യ മേഖലയില്‍ നിന്ന് സ്വദേശികളെ പിരിച്ചുവിടുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ ശൂറ കൗണ്‍സിലില്‍ കഴിഞ്ഞ മാസങ്ങളില്‍ ചൂടേറിയ ചര്‍ച്ച നടന്നിരുന്നു.

സ്വദേശിവത്കരണത്തിന് പ്രയാസം സൃഷ്​ടിക്കുന്ന അനുഛേദം ഭേദഗതി ചെയ്യണമെന്ന് ശൂറാ കൗണ്‍സിലാണ് തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. സ്വദേശികളെ ജോലിയില്‍ കൂടുതല്‍ കാലം പിടിച്ചുനിര്‍ത്താനും  പിരിച്ചുവിടല്‍ ഭീഷണി അവസാനിപ്പിക്കാനും ഉതകുന്ന തരത്തില്‍ 77ാം അനുഛേദം ഭേദഗതി ചെയ്യാനാണ് സംയുക്തശ്രമം നടക്കുന്നതെന്നും ഡോ. അല്‍ഫൗസാന്‍ വിശദീകരിച്ചു.

Tags:    
News Summary - localization-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.