ജിദ്ദ: 'ഗൾഫ് മാധ്യമ'വും 'മീ ഫ്രണ്ടും' ചേർന്ന് അവതരിപ്പിക്കുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ബിരിയാണി ഉത്സവമായ 'വിജയ് ദം ദം ബിരിയാണി' പാചക മത്സരത്തിന് തുടക്കമായി. 'ഗൾഫ് മാധ്യമം' ഇതിനുമുമ്പ് കേരളത്തിലും യു.എ.ഇയിലും ഒമാനിലുമായി സംഘടിപ്പിച്ച 'ദം ദം ബിരിയാണി' മത്സരങ്ങളുടെ ചുവടുപിടിച്ചാണ് നാലാമത് എഡിഷൻ ഇപ്പോൾ സൗദിയിലെത്തിയിരിക്കുന്നത്. മുൻകഴിഞ്ഞ മൂന്ന് മത്സരങ്ങൾക്കും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. കേവലമൊരു പാചക മത്സരത്തിനപ്പുറം സൗദി അറേബ്യയിലെ ബിരിയാണി പ്രേമികളുടെ സാംസ്കാരിക ഉത്സവമായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഷെഫും ടി.വി അവതാരകനും പെർഫോമറുമായ രാജ് കലേഷാണ് മത്സരത്തിന്റെ ബ്രാൻഡ് അംബാസഡർ..
'വിജയ് ദം ദം ബിരിയാണി' പാചക മത്സരത്തിൽ രണ്ട് വിജയികളെയാണ് കണ്ടെത്തുക. രുചികരമായി ബിരിയാണി പാചകം ചെയ്യാനറിയാവുന്ന വീട്ടമ്മമാർ മുതൽ പാചകം ഹോബിയാക്കിയ ആർക്കും ലിംഗഭേദമന്യേ മത്സരിക്കാൻ സാധിക്കുന്ന ജനറൽ കാറ്റഗറിയിൽ മികച്ച ബിരിയാണി തയ്യാറാക്കുന്നയാൾ 'സൗദി ബിരിയാണി ദം സ്റ്റാർ' എന്ന പേരിലുള്ള പുരസ്കാരം നേടും. ബാച്ചിലേഴ്സിന്റെ പരിമിതമായ സൗകര്യങ്ങളിൽ നിന്ന് കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ലളിതമായ രീതിയിൽ രുചികരമായ ബിരിയാണി തയ്യാറാക്കാൻ സാധിക്കുന്നവർക്ക് മാത്രമായി നടക്കുന്ന മത്സരത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ബിരിയാണി പാചകക്കാരൻ 'വിജയ് ബിരിയാണി രാജ' എന്ന പേരിലുള്ള പുരസ്കാരവും നേടും. ഈ കാറ്റഗറിയിൽ പുരുഷന്മാർക്ക് മാത്രമാണ് പങ്കെടുക്കാൻ സാധിക്കുക.
മത്സരം നാല് പ്രധാന ഘട്ടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. നവംബർ 21 മുതൽ ഡിസംബർ 30 വരെ മത്സരത്തിൽ രജിസ്റ്റർ ചെയ്യാനുള്ള സമയമാണ്. www.madhyamam.com/dumdumbiriyani എന്ന ലിങ്ക് ഉപയോഗിച്ചാണ് സൗജന്യ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്. 2026 ജനുവരിയിൽ സൗദിയിലെ പ്രധാനപ്പെട്ട 10 നഗരങ്ങളിലൂടെ കടന്നുപോകുന്ന 'ദം ബിരിയാണി കാരവൻ' റോഡ് ഷോകൾ സംഘടിപ്പിക്കും. രജിസ്ട്രേഷനിലൂടെ തെരഞ്ഞെടുക്കുന്നവർക്ക് വീട്ടിൽ നിന്ന് പാചകം ചെയ്തുകൊണ്ടുവരുന്ന ബിരിയാണി വിധികർത്താക്കൾക്ക് മുമ്പിൽ അവതരിപ്പിക്കാനും ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നേരിട്ട് സെമിഫൈനലിലേക്ക് പ്രവേശനം നേടാനും സാധിക്കും. ജനുവരി 23 ന് റിയാദിൽ നടക്കുന്ന 'ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള' മെഗാ ഇവന്റിലാണ് സെമി ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കുക. ഫെബ്രുവരി മുതൽ ഏപ്രിൽ വരെ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ വെച്ചാണ് സെമിഫൈനൽ ലൈവ് കുക്കിംങ് മത്സരങ്ങൾ നടക്കുക. റമദാൻ മാസത്തിൽ ഇഫ്താർ റെസിപ്പി സീരീസുകളും പ്രത്യേക കാമ്പയിനുകളും മത്സരത്തിന്റെ ഭാഗമായി നടക്കും. മെയ് ഒന്നിന് റിയാദിൽ വെച്ച് നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ വെച്ചാണ് ഫൈനൽ മത്സരം.
പാചകത്തിന് പുറമെ കാണികൾക്കും മത്സരാർത്ഥികൾക്കും പങ്കെടുക്കാവുന്ന രസകരമായ മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കും. മത്സരത്തിൽ വിജയികളാവുന്നവരെ കാത്തിരിക്കുന്നത് ഏറ്റവും മൂല്യവും ആകർഷകവുമായ വമ്പൻ സമ്മാനങ്ങളാണ്. 40,000 റിയാലിലധികം ക്യാഷ് പ്രൈസുകളും, 50,000 റിയാലിലധികം മൂല്യമുള്ള സമ്മാനങ്ങളും ട്രോഫിയും സ്ഥാനവസ്ത്രങ്ങളും സർട്ടിഫിക്കറ്റും വിജയികൾക്ക് ലഭിക്കും.
ജിദ്ദ ഹോട്ടൽ ഗലേറിയയിൽ നടന്ന ചടങ്ങിൽ മത്സരത്തിന്റെ ലോഗോ പ്രകാശനവും പ്രഖ്യാപനവും നടന്നു. പ്രത്യേകം തയ്യാറാക്കിയ ബിരിയാണി ചെമ്പ് ദം പൊട്ടിച്ചാണ് മത്സരത്തിന്റെ പ്രഖ്യാപനം നടന്നത്. വിജയ് മസാല മാനേജിങ് ഡയറക്ടർമാരായ സാജു മൂലൻ, ജോയ് മൂലൻ, ഡയറക്ടർ പ്രവീൺ മൂലൻ, പാർട്ടണർ അബ്ദുൽ അസീസ്, 'ഗൾഫ് മാധ്യമം' ഗ്ലോബൽ ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് റഫീഖ്, മത്സര ബ്രാൻഡ് അംബാസഡർ രാജ് കലേഷ്, അബീർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങൽ, കാഫ് ലോജിസ്റ്റിക്സ് സി.ഇ.ഒ അനീസ്, ശറഫിയ ട്രേഡിങ്ങ് ഡയറക്ടർ നാഫി നീലാമ്പ്ര, 'ഗൾഫ് മാധ്യമം' രക്ഷാധികാരികളായ എ. നജ്മുദ്ധീൻ, ഫസൽ കൊച്ചി, പടിഞ്ഞാറൻ മേഖല കോർഡിനേറ്റർ ബഷീർ ചുള്ളിയൻ, സൗദി മാർക്കറ്റിങ് മാനേജർ നിഷാദ് ഗഫൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ട്രേഡ്, സ്പോൺസർഷിപ്പ് അന്വേഷണങ്ങൾക്കും 0559280320, 0504507422, 0542837994 എന്നീ നമ്പറുകളിലോ nishad@gulfmadhyamam.net എന്ന ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.