റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ലേൺ ദി ഖുർആൻ ഗ്ലോബൽ ഓൺലൈൻ ഫൈനൽ പരീക്ഷ ഇന്ന്

റിയാദ്: ലേൺ ദി ഖുർആൻ പാഠ്യപദ്ധതിയുടെ ഈ വർഷത്തെ ഫൈനൽ പരീക്ഷ വെള്ളിയാഴ്ച ഓൺലൈനായി നടക്കും. സൗദി സമയം ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയും (ഇന്ത്യൻ സമയം 5.30 മുതൽ 11.30 വരെ) ആറ് മണിക്കൂർ സമയം പരീക്ഷയുടെ ലിങ്ക് www.learnthequran.org എന്ന വെബ്സൈറ്റിൽ പരീക്ഷാർഥികൾക്ക് ലഭിക്കും. പരീക്ഷക്ക് ലോഗിൻ ചെയ്താൽ രണ്ട് മണിക്കൂറാണ് പരീക്ഷ സമയം. ലേൺ ദി ഖുർആൻ വെബ്സൈറ്റിൽ പ്രത്യേകം തയാറാക്കിയ എക്സാം സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരീക്ഷ നടക്കുന്നത്.

പരീക്ഷ സോഫ്റ്റ്‌വെയർ എല്ലാ ഡിജിറ്റൽ ഉപകരണത്തിലും ഉപയോഗിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്ത മുഴുവൻ പരീക്ഷാർഥികൾക്കും പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും ഓൺലൈൻ പരീക്ഷ സുഗമമായി എഴുതാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത പഠിതാക്കൾക്ക് ലേൺ ദി ഖുർആൻ വെബ്സൈറ്റിൽ പരീക്ഷാദിവസം വരെ രജിസ്റ്റർ ചെയ്യാം. റിയാദ് ഇന്ത്യൻ ഇസ്‍ലാഹി സെന്റർ, സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ ആൻഡ് അവയർനെസ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് ലേൺ ദി ഖുർആൻ പദ്ധതിയും പരീക്ഷയും നടപ്പാക്കുന്നത്.

മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണം പുസ്തകത്തിലെ 'ജുസ്അ്‌ 26' സൂറത്തുൽ ജാസിയ മുതൽ സൂറത്തുൽ ഖാഫ് വരെയാണ് ലേൺ ദി ഖുർആൻ അഞ്ചാംഘട്ട പുനരാവർത്തനത്തിലെ പാഠഭാഗം. സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്.ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ഒരു ലക്ഷം രൂപയും ആദ്യ 10 സ്ഥാനക്കാർക്ക് പ്രത്യേക കാഷ് അവാർഡും ലേൺ ദി ഖുർആൻ ഗ്ലോബൽ സംഗമത്തിൽ സമ്മാനിക്കും. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നും ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിനായി 'ഹെൽപ് സെന്ററുകൾ' രൂപവത്കരിച്ചിട്ടുണ്ട്. +9665 5052 4242, +9195 6764 9624, +9665 3629 1683, +9665 562508011 എന്നീ നമ്പറുകൾ വാട്സ്ആപ് ഹെൽപ് ലൈനായി പരീക്ഷാർഥികൾക്ക് ഉപയോഗപ്പെടുത്താം.

സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലും മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ദഅ്‌വ, കോൾ ആൻഡ് അവയർനെസ് സെന്ററുകളുടെ മലയാളവിഭാഗം അതത് പ്രദേശങ്ങളിലെ പഠിതാക്കൾക്കും പരീക്ഷാർഥികൾക്കും ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫൈനൽ പരീക്ഷയിൽ വിദ്യാർഥികൾക്കുള്ള വർക്ക്ഷീറ്റ് വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാം. വിദ്യാർഥികൾക്ക് മലയാളത്തിലും ഇംഗ്ലീഷിലും പരീക്ഷകൾ ഉണ്ടായിരിക്കും.

23 വർഷമായി ലോകമൊട്ടാകെയുള്ള മലയാളികൾക്കിടയിലെ ഏറ്റവും വലിയ ഖുർആൻ പഠന പദ്ധതിയാണ് ഇതെന്നും ഇത്തവണത്തെ ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായെന്നും റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അബ്ദുൽ ഖയ്യൂം ബുസ്താനി, അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് സുൽഫിക്കർ, അഡ്വ. അബ്ദുൽജലീൽ മുഹമ്മദ്കുട്ടി കടന്നമണ്ണ, നൗഷാദ് അലി കോഴിക്കോട്, സാജിദ് കൊച്ചി, അബ്ദുൽ വഹാബ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Learn The Quran Global Online Final Exam Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.