യാംബു: മൂന്നര പതിറ്റാണ്ട് കാലം യാംബു പ്രവാസിയായിരുന്ന കോഴിക്കോട് നടുവട്ടം ഡാനിഷ് നിവാസിൽ മുഖദാർ ബാവ മൂപ്പൻ്റകത്ത് കുഞ്ഞഹമ്മദ്കോയ എന്ന കുഞ്ഞാദു (68) നാട്ടിൽ നിര്യാതനായി. രോഗബാധിതനായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
യാംബുവിലെ ഗൾഫ് ഏജൻസി കമ്പനി (ജി.എ.സി) യിൽ 22 വർഷങ്ങൾ ജോലി ചെയ്തിരുന്ന അദ്ദേഹം പഴയകാല ഫുട്ബാൾ കളിക്കാരൻ കൂടിയായിരുന്നു. നേരത്തെ കെ.ആർ.എസ് കോഴിക്കോട് ഫുട്ബാൾ ടീമിൽ കളിച്ചിരുന്നു. യാംബുവിൽ നേരത്തേ നടന്നിരുന്ന മിക്ക ഫുട്ബാൾ മത്സരങ്ങളിലും നല്ല സാന്നിധ്യമുണ്ടായിരുന്ന കുഞ്ഞഹമ്മദ്കോയ സരസമായ പെരുമാറ്റത്തിലൂടെ നല്ല സൗഹൃദബന്ധങ്ങൾ നിലനിർത്തിയിരുന്നു.
യാംബുവിൽ വിവിധ സംഘടനകൾ നടത്തിയിരുന്ന കായിക വിനോദ മത്സരങ്ങളിൽ വിധികർത്താവായും രംഗത്ത് വന്നിരുന്ന ഇദ്ദേഹത്തിന്റെ വേർപ്പാട് യാംബുവിലെ കായിക പ്രേമികൾക്ക് വേദനയുളവാക്കി. 2017 ലാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്.
പരേതരായ വടക്കൻ പറമ്പിൽ മുഹമ്മദ് - കുഞ്ഞീബി ദമ്പതികളുടെ മകനാണ്. ഭാര്യ: സാഹിദ, മക്കൾ: ഫെമിദ, ഫെബിന, മരുമക്കൾ: സാദത്ത്, നവാസ്, സഹോദരങ്ങൾ: പരേതനായ ആലിക്കോയ, അബ്ദുൾ ലത്തീഫ് (റിട്ട. സഹകരണ വകുപ്പ് ഇൻസ്പെക്ടർ), സഫിയ. മയ്യത്ത് സംസ്കരണം കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.