കൊല്ലം പ്രവാസി സംഗമം ജിദ്ദ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ജിദ്ദ: ഒന്നര പതിറ്റാണ്ടിലേറെയായി ജിദ്ദയിൽ പ്രവർത്തിച്ചുവരുന്ന കൊല്ലം ജില്ല പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) 'സ്നേഹപൂർവം കൊല്ലം' എന്ന പേരിൽ സംഘടിപ്പിക്കുന്ന 15ാം വാർഷിക മെഗാ പരിപാടി ജൂൺ രണ്ടിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ ബനീ മാലിക്കിലുള്ള എലൈറ്റ് ഓഡിറ്റോറിയത്തിൽ രാത്രി 8.30ന് നടക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമ പിന്നണി ഗായകൻ അഫ്സൽ, റിയാദിൽനിന്നും മീഡിയവൺ പതിനാലാം രാവ് ഫെയിം ഹിബ അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുക്കും. കൊല്ലം പ്രവാസി സംഗമം കലാകാരന്മാരുടെ കലാവിരുന്നിനൊപ്പം ജിദ്ദയിലെ മറ്റു ഗായകരും പരിപാടിയിൽ അണിനിരക്കും. പ്രശസ്ത നൃത്താധ്യാപിക പുഷ്പ സുരേഷും മറ്റു കൊറിയോഗ്രാഫേഴ്സും അണിയിച്ചൊരുക്കുന്ന ക്ലാസിക്കൽ ഡാൻസ്, സെമി ക്ലാസിക്കൽ ഡിവോഷനൽ ഡാൻസ്, കാശ്മീരി ഡാൻസ്, വെസ്റ്റേൺ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കിഡ്സ് ഡാൻസ് എന്നിവയോടൊപ്പം വേണു പിള്ള സംവിധാനം ചെയ്യുന്ന വയലാർ രാമവർമയുടെ പ്രസിദ്ധമായ പ്രൊക്രൂസ്റ്റസ് എന്ന കവിതയുടെ ആവിഷ്കാരവും ഉണ്ടായിരിക്കും. ഏകദേശം 900ത്തോളം അംഗങ്ങളുള്ള കൊല്ലം പ്രവാസി സംഗമം ജിദ്ദ കമ്മിറ്റി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊല്ലം ജില്ലക്കാരായ പ്രവാസികൾക്കും നാട്ടിലും ചെയ്തുവരുന്നതായും കോവിഡ് മഹാമാരിയുടെ സമയത്തും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സജീവമായിരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഷാനവാസ് കൊല്ലം, ഷാനവാസ് സ്നേഹക്കൂട്, അഷ്റഫ് കൂരിയോട്, മനോജ് കുമാർ, സാജു രാജൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.