കൊല്ലം പ്രവാസി സംഗമം 18 ആം വാര്ഷികാഘോഷം വെള്ളിയാഴ്ച്ച ഇന്ത്യൻ കോൺസുലേറ്റിൽ

ജിദ്ദ: കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം (കെ.പി.എസ്.ജെ) 18 ആം വാര്ഷികാഘോഷം വിപുലമായ പരിപാടികളോടെ നാളെ (വെള്ളി) ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'കൊല്ലം കലാമേളം 2024' എന്ന പേരിൽ നടക്കുന്ന ആഘോഷ പരിപാടികൾ വൈകിട്ട് ആറ് മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടുകൂടി ആരംഭിക്കും. നാട്ടിൽ നിന്നുള്ള ചലച്ചിത്ര പിന്നണി ഗായകരായ രഞ്ജിനി ജോസ്, അഭിജിത് കൊല്ലം എന്നിവരുടെ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയിലുള്ള സംഗീത നിശയും കെ.പി.എസ്.ജെ അംഗങ്ങളുടെയും ജിദ്ദയിലെ മറ്റു കലാകാരന്മാരുടെയും നൃത്തനൃത്യങ്ങൾ, തീം ഡാൻസുകൾ, മറ്റു നയന മനോഹരമായ പരിപാടികൾ തുടങ്ങിയവ അരങ്ങേറും. ഒപ്പം ലൈവ് ഡിജെ ഷോയുമായി ബിഗ് ബോസ് സീസണ്‍ ആറ് ഫെയിം ഡിജെ സിബിനും നാട്ടിൽ നിന്നും എത്തുന്നു എന്നുള്ളത് വാർഷികാഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള കെ.പി.എസ്.ജെ മുൻ ചെയർമാൻ ഫസലുദ്ധീൻ ചടയമംഗലം മെമ്മോറിയൽ അവാർഡ്, കഴിഞ്ഞ ഒരു വർഷത്തെ മികച്ച സേവനത്തിനുള്ള സംഘടനയുടെ എക്സിക്യൂട്ടീവ് അംഗത്തിനുള്ള പുരസ്‌കാരം എന്നിവയുടെ വിതരണവും, നാലു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.പി.എസ്.ജെ രൂപീകരണ കാലത്തെ അംഗം അഷ്‌റഫ് കുരിയോടിനും, താൽക്കാലികമായി പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.പി.എസ്.ജെ സീനിയർ അംഗവും മാധ്യമ പ്രവർത്തകനുമായ പി.എം മായിൻകുട്ടിക്കുമുള്ള ആദരവ്, പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം എന്നിവ ചടങ്ങിൽ നടക്കും.

എഫ്.എസ്.സി ലോജിസ്റ്റിക്‌സ് ആൻഡ് മള്‍ട്ടി സിസ്റ്റം ലോജിസ്റ്റിക്‌സ് പരിപാടിയുടെ മുഖ്യ പ്രായോജകരും അല്‍ബുര്‍ജ് ഡയഗ്നോസ്റ്റിക്‌സ്, ഓസ്‌കാര്‍ ഇല്കട്രോണിക്‌സ്, കാർഗോ ട്രാക്ക് എന്നിവര്‍ സഹ പ്രായോജകരുമാണ്. പരിപാടിയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമായിരിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് 0560202396, 0541675730, 0581339282, 0557950266 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

ചെയർമാനും പ്രോഗ്രാം കൺവീനറുമായ ഷാനവാസ് കൊല്ലം, പ്രസിഡന്റ് മനോജ് മുരളീധരൻ, ജനറൽ സെക്രട്ടറി സാജു രാജൻ, വൈസ് പ്രസിഡന്റും കൾച്ചറൽ സെക്രട്ടറിയുമായ ഷാനവാസ് സ്നേഹക്കൂട്, പ്രോഗ്രാം ജോയിന്റ് കൺവീനർ ഷാഹിർ ഷാൻ, വനിത കൺവീനർ ഷാനി ഷാനവാസ്, ജോയിന്റ് കൺവീനർ ബിൻസി സാജു, എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - Kollam Pravasi Sangam 18th Anniversary Celebration at Indian Consulate on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.