അജ്ഹർ ശൈഖ്
കൊൽക്കത്ത സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്
അൽ വജ്ഹ്: നാലുമാസം മുമ്പ് അൽ വജ്ഹിൽ ആത്മഹത്യ ചെയ്ത പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം സാമൂഹിക പ്രവർത്തകന്റെ ഇടപെടൽ മൂലം ജിദ്ദ കോൺസുലേറ്റിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള വഴിതെളിഞ്ഞു. അൽ വജ്ഹിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച കൊൽക്കത്ത ചാപ്ര സ്വദേശി അജ്ഹർ ശൈഖിന്റെ (32) മൃതദേഹമാണ് തബൂക്കിലെ കോൺസുലേറ്റ് വെൽഫെയർ അംഗവും (സി.സി.ഡബ്ല്യു.എ) പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ സിറാജ് എറണാകുളത്തിന്റെ ഇടപെടൽ മൂലം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായത്. അൽ വജ്ഹിലെ ഹോട്ടൽ പണിക്കുവേണ്ടി ആറുമാസം മുമ്പാണ് അജ്ഹർ ശൈഖ് സൗദിയിലെത്തിയത്. ഭാര്യ ഹസ്ന ഹെനയും മൂന്നു പെൺമക്കളും നാട്ടിലാണുള്ളത്. ആത്മഹത്യാ കാരണം വ്യക്തമല്ല.
മൃതദേഹം ഏറ്റെടുക്കാനും നടപടികൾ പൂർത്തിയാക്കാനും നാലുമാസമായി ആളില്ലാത്ത അവസ്ഥ ശ്രദ്ധയിൽപെട്ട സിറാജ് എറണാകുളം മരിച്ച അജ്ഹർ ശൈഖിന്റെ ജിദ്ദയിലുള്ള ബന്ധുവായ ഷമീം അലാവുദ്ദീൻ മുല്ലയുമായി ബന്ധപ്പെട്ട് നടപടികൾ ചെയ്യാൻ രംഗത്തിറങ്ങുകയായിരുന്നു. ജിദ്ദ കോൺസുലേറ്റുമായി ബന്ധപ്പെട്ട് രേഖകൾ ശരിയാക്കാൻ സിറാജ് രംഗത്തിറങ്ങി. ഒടുവിൽ കോൺസുലേറ്റിന്റെ തന്നെ സാമ്പത്തിക സഹായത്തോടെയാണ് അജ്ഹറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായത്. കഴിഞ്ഞ ദിവസം മൃതദേഹം നാട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.