റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് രണ്ട് മലയാളി യുവതികൾക്ക് തുണയായി റിയാദ് കെ.എം.സി.സി പ്രവർത്തകർ. കമ്പനി ആവശ്യാർഥം റിയാദിലെത്തിയ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റൈഗൈറ്റ് ബിൽഡേഴ്സിന്റെ ജീവനക്കാരായ കോഴിക്കോട് സ്വാദേശിനികൾക്കാണ് അപകടം സംഭവിച്ചത്. റിയാദ്-അൽ അഹ്സ റോഡിൽ റഡിസൺ ഹോട്ടലിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ തട്ടിയാണ് പരിക്കേറ്റത്. ഇവരെ തട്ടിയിട്ട വാഹനം നിർത്താതെ പോവുകയായിരുന്നു.
റെഡ് ക്രസന്റിന്റെ ആംബുലൻസ് വന്നതിന് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മലയാളി യുവതികൾക്ക് അപകടം സംഭവിച്ചത് അറിഞ്ഞ ഉടൻ തന്നെ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, കോഴിക്കോട് ജില്ല വെൽഫെയർ വിങ് ചെയർമാൻ അലി അക്ബർ, വനിതാ വിങ് ജനറൽ സെക്രട്ടറി ജസീല മൂസ, കോഴിക്കോട് ജില്ല ട്രഷറർ റാഷിദ് ദയ, മുനീർ കുനിയിൽ, ഇസ്ലാഹി സെന്റർ ഭാരവാഹിയായ സുൽഫിക്കർ എന്നിവർ ആശുപത്രിയിലും മറ്റും സഹായവുമായി എത്തുകയായിരുന്നു.
അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രണ്ടുപേരെയും ആദ്യം മലസ് നാഷനൽ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾക്ക് തലക്ക് മുറിവ് സംഭവിച്ചത് കാരണം കൂടുതൽ പരിശോധന ആവശ്യമായത് കൊണ്ടാണ് ആസ്റ്റർ സനദ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റിയത്. മറ്റൊരാൾക്ക് കാര്യമായ പരിക്ക് പറ്റിയിട്ടില്ല.
സംഭവം അറിഞ്ഞ് ഖത്തറിലുള്ള കമ്പനിയുടെ ഡയറക്ടർ മുഹമ്മദ് ഷാഫി റിയാദിൽ എത്തിയിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലാത്ത സാഹചര്യത്തിൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജാക്കിയിട്ടുണ്ട്. ഒരാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അതിന് ശേഷം യുവതികൾ നാട്ടിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.