കെ.എം.സി.സി ജിദ്ദ കൊണ്ടോട്ടി മണ്ഡലം 'കെ.എൽ 84 സൂപ്പർ കപ്പ്' ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റി സംഘാടകർ
വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: കാൽപന്ത് കളിയുടെ ആവേശത്തിൽ ആറാടിക്കാൻ കെ.എം.സി.സി ജിദ്ദ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി 'കെ.എൽ 84 സൂപ്പർ കപ്പ്' സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസൺ രണ്ട് സംഘടിപ്പിക്കുന്നു. ജൂൺ 12,13 തീയതികളിൽ ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ അൽ റുസൂക്ക് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുക എന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നേരത്തെ നടത്തിയ ഫുട്ബാൾ ടൂർണമെന്റിലെ അതിശയിപ്പിക്കുന്ന ജനപങ്കാളിത്തവും വൻവിജയവുമാണ് ഈ വർഷവും ടൂർണമെന്റ് ഒരുക്കാൻ പ്രേരിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. നാല് വെറ്ററൻസ് ടീമുകളുടെ മത്സരങ്ങൾ ഉൾപ്പെടെ12 മത്സരങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടക്കുക. ജിദ്ദയിൽ നിന്നും നാലും യാംബുവിൽ നിന്നും രണ്ടും മദീന, തബൂക്ക് എന്നിവിടങ്ങളിൽ നിന്നും ഓരോ ടീമും ടൂർണമെന്റിൽ മാറ്റുരക്കും. ജേതാക്കൾക്ക് ട്രോഫിക്ക് പുറമെ 10,000 റിയാലാണ് സമ്മാനത്തുക.
രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 5,000 റിയാലും സമ്മാനമായി ലഭിക്കും. കാണികൾക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മത്സരങ്ങളെല്ലാം യൂട്യൂബിലൂടെ തത്സമയം സംപ്രേഷണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു. സൗദി, യു.എ.ഇ, ഘാന, ഇന്ത്യ എന്നീ രാജ്യങ്ങളിലായി ട്രേഡിങ്, കോണ്‍ട്രാക്ടിങ്, മാനുഫാക്ചറിങ്, റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ 24 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള അര്‍കാസ് ഗ്രൂപ് ഓഫ് കമ്പനീസും ദ മലയാളം ന്യൂസുമാണ് ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍.
കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് ഇസ്മാഈല്‍ മുണ്ടക്കുളം, അര്‍കാസ് ഗ്രൂപ് ഓഫ് കമ്പനീസ് ഫൗണ്ടര്‍ ആൻഡ് സി.ഇ.ഒ കെ.ടി. സുനീര്‍, കെ.എം.സി.സി ജിദ്ദ കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് നൗഷാദ് വാഴയൂര്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ വെട്ടുപ്പാറ, ചെയര്മാന് കെ.പി. അബ്ദുറഹ്മാന്, ഫുട്ബാൾ കമ്മിറ്റി കണ്‍വീനര്‍ കെ.എന്‍.എ. ലത്തീഫ്, സെൻട്രൽ കമ്മിറ്റി ഭാരവാഹി ലത്തീഫ് മുസ്ല്യാരങ്ങാടി, മണ്ഡലം സെക്രട്ടറി ലത്തീഫ് പൊന്നാട്, ടൂർണമെന്റ് കമ്മിറ്റി അംഗം സൈനു കാരി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.