സിറിയ, അഫ്ഗാനിസ്ഥാൻ, സുഡാൻ, യമൻ എന്നിവിടങ്ങളിൽ സഹായ പദ്ധതികൾ ഊർജ്ജിതമാക്കി സൗദി

യാംബു: കലഹങ്ങളും ദാരിദ്ര്യവും മൂലം പ്രയാസം നേരിടുന്ന രാജ്യങ്ങളിൽ സൗദി അറേബ്യയുടെ സഹായ പദ്ധതികൾ ഊർജിതം. കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) വഴി​ സിറിയ, അഫ്ഗാനിസ്ഥാൻ, സുഡാൻ, യമൻ എന്നീ രാജ്യങ്ങളിലാണ് തുടർച്ചയായി സഹായം എത്തിക്കുന്നത്.

സിറിയയിലെ റിഫ്ദി മാഷ്ക് പ്രവിശ്യയിൽ 2,340 ഈത്തപ്പഴപ്പെട്ടികൾ ഈ ദിവസങ്ങളിൽ വിതരണം ചെയ്തു. രാജ്യത്തേക്ക്​ തിരിച്ചെത്തിയ കുടുംബങ്ങളെ സഹായിക്കുന്നതിനായി അഫ്​ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിൽപ്പെട്ട ബുർക്ക ജില്ലയിൽ കെ.എസ്. റിലീഫ് സെൻറർ 470 ഭക്ഷണ കൊട്ടകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. സുഡാനിലെ ഖാർത്തൂം സംസ്ഥാനത്തെ ഓംദുർമാനിലും സെൻറർ 650 ഭക്ഷണ കൊട്ടകൾ വിതരണം ചെയ്തു.

മാരിബ് പ്രവിശ്യയിലെ കുടിയിറക്കപ്പെട്ടവർക്ക് 450 പെട്ടി ഈത്തപ്പഴമാണ്​ നൽകിയത്​. 3,150 ആളുകൾക്കാണ്​ ഇത്​ ലഭിച്ചത്​. യമനിലെ തായ്‌സ് പ്രവിശ്യയിൽ കെ.എസ്. റിലീഫി​ന്‍റെ പിന്തുണയുള്ള പ്രോസ്തെറ്റിക്സ് ആൻഡ് റീഹാബിലിറ്റേഷൻ സെൻറർ 605 ഭിന്നശേഷിക്കാർക്ക് വൈദ്യ സേവനം നൽകി. അതല്ലാത്ത 2,199 പേർക്കും വിവിധ തരത്തിലുള്ള വൈദ്യ സേവനങ്ങൾ ഒരുക്കി.

സൗദി അറേബ്യയുടെ അന്താരാഷ്​ട്ര ചാരിറ്റി ഏജൻസിയായി 2015-ൽ സ്ഥാപിതമായതിനുശേഷം കെ.എസ്. റിലീഫ് സെൻറർ 109 രാജ്യങ്ങളിലായി 820 കോടി ഡോളറിലധികം ചെലവിൽ 3,879 പദ്ധതികൾ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.

ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ജലം, ശുചിത്വം, പാർപ്പിടം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് പ്രത്യേകം ശ്രദ്ധ നൽകിയത്.

ദുർബല സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും യു.എൻ സ്ഥാപനങ്ങളുമായും അന്താരാഷ്​ട്ര ദുരിതാശ്വാസ സംഘടനകളുമായും കെ.എസ്. റിലീഫ് സഹകരിച്ച് പ്രവർത്തിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Kingdom expands aid efforts across four countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.