നാട്ടിലേക്ക് മടങ്ങുന്ന ഹജ്ജ് തീർഥാടകർക്ക് ഖുർആൻ വിതരണം ആരംഭിച്ചപ്പോൾ
മക്ക/ജിദ്ദ: ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയാക്കി മടങ്ങുന്ന തീർഥാടകർക്ക് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിെൻറ പ്രത്യേക ഉപഹാരമായ വിശുദ്ധ ഖുർആൻ പ്രതികളുടെയും ഖുർആൻ വിവർത്തനങ്ങളുടെയും ഈ വർഷത്തെ വിതരണത്തിന് ശനിയാഴ്ച തുടക്കമായി. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വന്തം നാടുകളിലേക്ക് തിരിക്കുന്ന തീർഥാടകർക്കാണ് ആദ്യഘട്ടത്തിൽ ഇവ നൽകിത്തുടങ്ങിയത്. ഇസ്ലാമിക കാര്യ, ദഅ്വ, മാർഗനിർദ്ദേശ മന്ത്രാലയത്തിെൻറ മക്ക റീജിയണൽ ബ്രാഞ്ച് ഓഫീസാണ് ഈ വിപുലമായ വിതരണ പ്രക്രിയയ്ക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്നത്.
തീർഥാടകരുടെ മടക്കയാത്രയോടനുബന്ധിച്ച് ഈ വർഷം വിവിധ പുറപ്പെടൽ കവാടങ്ങൾ വഴി വിതരണം ചെയ്യുന്നതിനായി ആകെ 19 ലക്ഷം മുസ്ഹഫുകളും ഖുർആൻ വിവർത്തനങ്ങളുമാണ് മന്ത്രാലയം സജ്ജമാക്കിയിരിക്കുന്നത്. മദീനയിലെ വിഖ്യാതമായ ‘കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് കോംപ്ലക്സ്’ അത്യാധുനിക രീതിയിൽ അച്ചടിച്ച ഖുർആൻ പ്രതികളാണ് ഇവ. ലോകമെമ്പാടുമുള്ള തീർഥാടകർക്ക് അവരുടെ മാതൃഭാഷയിൽ ഖുർആൻ ആശയങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായകമാകുംവിധം എൺപതിലധികം അന്താരാഷ്ട്ര ഭാഷകളിലേക്കുള്ള വിവർത്തനങ്ങൾ ഈ ഉപഹാരപ്പൊതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ദൈവത്തിെൻറ അതിഥികളായെത്തുന്ന ഹജ്ജ് തീർഥാടകരെ ആദരിക്കുന്നതിനും, അല്ലാഹുവിെൻറ വിശുദ്ധ ഗ്രന്ഥത്തിെൻറ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനുമായി സൗദി സർക്കാർ വർഷംതോറും നടപ്പിലാക്കുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി. സൗദി അറേബ്യയിൽ എത്തിയത് മുതൽ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത് വരെ തീർഥാടകർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുക എന്ന സൗദി ഭരണകൂടത്തിെൻറ വലിയ താല്പര്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ജിദ്ദ വിമാനത്താവളത്തിന് പുറമെ, വരും ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ വ്യോമ, കര, കടൽ അതിർത്തികളിലുള്ള എല്ലാ എക്സിറ്റ് പോയിന്റുകളിലൂടെയും വിശുദ്ധ ഖുർആൻ വിതരണം ഊർജിതമായി തുടരുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.