യാംബു കെൻസ് ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച അറബിക് കാലിഗ്രഫി എക്സിബിഷനിൽ നിന്ന്
യാംബു: ഐക്യ രാഷ്ട്രസഭയുടെ അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തിന്റെ ഭാഗമായി യാംബു കെൻസ് ഇന്റർനാഷനൽ സ്കൂൾ ഇന്റർ സ്കൂൾ കാലിഗ്രഫി പ്രദർശനവും മത്സരവും സംഘടിപ്പിച്ചു. യാംബുവിലെ വിവിധ സ്കൂളുകളിൽനിന്ന് 200ലധികം വിദ്യാർഥികൾ പങ്കെടുത്തു. വൈവിധ്യമാർന്ന കാലിഗ്രഫി ആവിഷ്കാരങ്ങളും എഴുത്തുകളും പ്രദർശിപ്പിച്ചുള്ള എക്സിബിഷൻ യാംബുവിലെ പ്രഥമ ഇന്റർ സ്കൂൾ കാലിഗ്രഫി പ്രദർശനം എന്ന നിലയിൽ ഏറെ പുതുമയുള്ളതും കാഴ്ചാനുഭവം സമ്മാനിക്കുന്നതുമായി മാറി. സ്കൂൾ ചെയർമാൻ ശാക്കിർ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. അറബി ഭാഷയുടെ അക്കാദമിക അക്കാദമികേതര പഠന പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് ഏറെ മുതൽ കൂട്ടായി മാറാവുന്ന കാലിഗ്രഫി പ്രദർശനം ഏറെ നിലവാരം പുലർത്തുന്നതാണെന്നും ഇത്തരം പഠന പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
പുതുമയുള്ള കാലിഗ്രഫി പ്രദർശനം പോലെയുള്ള അക്കാദമിക സാധ്യതകളെ അവതരിപ്പിക്കുന്നതിലൂടെയാണ് സ്കൂൾ മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ സാധ്യമാകുന്നതെന്ന് കെൻസ് സ്കൂൾ സി.ഇ.ഒ ഷിംന ശാക്കിർ അഭിപ്രായപ്പെട്ടു. അറബി ഭാഷയുടെ വികാസവും വ്യാപനവും അറബി കലിഗ്രഫിയുടെ വളർച്ചയുടെ ഭാഗമായി വായിക്കപ്പെടേണ്ടതാണെന്ന് സ്കൂൾ പ്രിൻസിപ്പൾ ബിന്ദു സന്തോഷ് പറഞ്ഞു. കാലിഗ്രഫി മത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സ്കൂളിൽ സംഘടി പ്പിച്ച പൊതുപരിപാടിയിൽ വിതരണം ചെയ്തു. സ്കൂൾ ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ സബാഹ് ബിൻ മുഹമ്മദ്, സ്കൂൾ മാനേജർ മുഹമ്മദ്, അഡ്മിനിസ്ട്രേഷൻ ഹെഡ് സുഹൈൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.