റിയാദ്: ഓണത്തിെൻറ സന്തോഷം വിശപ്പിെൻറ വേദനയില്ലാത്ത ആഘോഷമാക്കി മാറ്റാൻ കേളി കലാസാംസ്കാരിക വേദി. ‘വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ എന്ന ആശയത്തിലൂന്നി, കണ്ണൂർ ജില്ലയിലെ കൂടാളി-കഞ്ഞിരോട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെൻററിലെയും തലശ്ശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെയും കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയിലെയും അന്തേവാസികൾക്കാണ് തിരുവോണ നാളിൽ കേളി വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഓണത്തിെൻറ സന്തോഷവും കരുതലും പങ്കുവെക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.തണൽ ഡയാലിസിസ് സെൻററിന് മുൻപും കേളി വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇവിടെ പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനും സഹായം അനുവദിച്ചിരുന്നു. മലബാർ കാൻസർ സെൻററിൽ ചികിത്സയ്ക്കെത്തുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന തലശ്ശേരിയിലെ ആശ്രയ സാന്ത്വന കേന്ദ്രത്തിന് തുടർച്ചയായ മൂന്നാം വർഷമാണ് കേളി സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നത്.
കൂടാതെ, കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയിലെ അന്തേവാസികൾക്കായി മൂന്ന് വർഷമായി പാചകക്കാരെൻറ ശമ്പളം നൽകുന്നതുൾപ്പെടെയുള്ള ഇടപെടലുകളും നടത്തിവരുന്നു. രോഗവും സാമൂഹിക ഒറ്റപ്പെടലും നേരിടുന്നവർക്ക് ഭക്ഷണത്തിലൂടെ കരുതലും സ്നേഹവും പകരുകയാണ് കേളി ചെയ്യുന്നത്. പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും കേളി അംഗങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്. കൂടുതൽ അംഗങ്ങൾ പങ്കാളികളാകുന്നതോടെ കൂടുതൽ പേരിലേക്ക് ഓണത്തിെൻറ സ്നേഹവും കരുതലും എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.