കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന് റിയാദിൽ സംഘടിപ്പിച്ച ‘ഭാസ്കര സന്ധ്യ’യിൽ പങ്കെടുത്ത കലാകാരന്മാർ സംഘാടകരോടൊപ്പം
റിയാദ്: പ്രശസ്ത ഗാനരചയിതാവും കവിയുമായ പി. ഭാസ്കരന് സ്മരണാഞ്ജലിയായി കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന് (കിയ റിയാദ്) ‘ഭാസ്കരസന്ധ്യ’ സംഘടിപ്പിച്ചു. മലയാളികൾക്ക് എന്നും ഭാസ്കരൻ മാഷിനെ ഏറെ പ്രിയങ്കരനാക്കിയത് അദ്ദേഹം രചിച്ച തേനൂറുന്ന സിനിമാഗാനങ്ങൾകൊണ്ടു മാത്രമാണെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
കവി, ചലച്ചിത്രഗാന രചയിതാവ്, നടൻ, നിർമാതാവ്, സംവിധായകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം തിളങ്ങിനിന്നിരുന്ന കാലഘട്ടം മലയാള സിനിമയുടെ സുവർണ ദിനങ്ങളായിരുന്നു. അദ്ദേഹം വിടപറഞ്ഞിട്ട് 16 വര്‍ഷം പിന്നിടുന്ന വേളയില്‍ അദ്ദേഹത്തെ ഓർക്കാനും അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന ഗാനങ്ങള്‍ കേൾക്കാനുമായാണ് പരിപാടി ഒരുക്കിയത്. ഗായകൻ ജലീല്‍ കൊച്ചിന്റെ നേതൃത്വത്തിലാണ് പി. ഭാസ്കരൻ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതപരിപാടി അരങ്ങേറിയത്.
ജലീൽ കൊച്ചിൻ ‘സ്വർണത്താമര ഇതളിലുറങ്ങും...’, ‘മല്ലികാബാണൻ തന്റെ വില്ലെടുത്തു...’, തങ്കച്ചൻ വർഗീസ് ‘എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ...’, ‘വൃശ്ചിക രാത്രി തൻ...’, സുരേഷ്കുമാർ ‘മുല്ലപ്പൂമ്പല്ലിലോ മൂക്കുത്തികവിളിലോ...’, ‘അല്ലിയാമ്പൽ കടവിൽ...’, അൽത്താഫ് ‘ഇലവന്നൂർ മഠത്തിലെ...’, ‘അറബിക്കടലൊരു മണവാളൻ...’, നിഷ ബിനീഷ് ‘സ്വർണമുകിലേ...’, ‘ചിന്നും വെൺതാരത്തിൽ...’, അമ്മു പ്രസാദ് ‘മാനസാ മണിവേണുവിൽ...’, ‘മാനത്തെ മഴമുകിൽ...’, ഹിബ അബ്ദുസ്സലാം ‘ഒരു കൊട്ട പൊന്നുണ്ടല്ലോ...’, ‘മിഴിയിണ ഞാൻ...’ എന്നീ പാട്ടുകൾ പാടിയപ്പോൾ സംഗീതപ്രിയർക്ക് അത് മറക്കാനാവാത്ത രാവായി മാറി.
ഖയിസ് റഷീദ് സാക്സോഫോണ്‍ വായനയിലൂടെ അവതരിപ്പിച്ച ഭാസ്കരന് മാഷ് ഗാനങ്ങള്‍ വേറിട്ട സംഗീതാനുഭവം സമ്മാനിച്ചു. സംഗീതപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. യഹിയ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജയന് കൊടുങ്ങല്ലൂര്‍ പി. ഭാസ്കരനെയും അദ്ദേഹത്തിന്റെ കാവ്യജീവിതത്തെയുംകുറിച്ച് സംസാരിച്ചു.
ഇബ്രാഹിം സുബുഹന്‍, കുഞ്ഞി കുമ്പള, സുധീര്‍ കുമ്മിള്‍, സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, സത്താര്‍ കായകുളം, ലത്തീഫ് തെച്ചി, സലിം അര്‍ത്തില്‍, സഗീര്‍ അണ്ടാരത്ത് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ ഷാനവാസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും അബ്ദുസ്സലാം നന്ദിയും പറഞ്ഞു. ഷാജി കൊടുങ്ങല്ലൂര്‍, ആഷിക്, സൈഫ്, സലീഷ്, ഒ.എം. ഷഫീര്‍, ഷുക്കൂര്‍, ജാവേദ് സുബൈര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.