ജിതേഷിനെ വിദഗ്‌ധ ചികിത്സക്കായി നാട്ടിലേക്ക് യാത്രയയക്കുന്ന യാംബുവിലെ സാമൂഹിക പ്രവർത്തകർ
യാംബു: വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് അരക്കു കീഴെ തളർന്ന മലയാളി യുവാവിനെ സുമനസ്സുകളുടെ സഹകരണത്തിൽ നാട്ടിലെത്തിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ പറമ്പുവീട്ടിൽ ജിതേഷ് പോളിനെയാണ് (41) നാട്ടിലെത്തിച്ചത്. യാംബുവിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ ജിതേഷിന് ഒരാഴ്‌ച മുമ്പാണ് വീണ് അപകടം പറ്റിയത്. ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി രക്ഷാധികാരി അജോ ജോർജ്, സെക്രട്ടറി സിബിൾ ഡേവിഡ്, ജീവകാരുണ്യ ജോയന്റ് കൺവീനർ എ.പി. സാക്കിർ, ഏരിയ കമ്മിറ്റിയംഗങ്ങളായ വിനയൻ, നൗഷാദ്, ബിഹാസ്, സന്ദീപ്, ഷൗക്കത്ത്, ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ജോയന്റ് സെക്രട്ടറി അബ്ദുറസാഖ് നമ്പ്രം, സമ മെഡിക്കൽ കമ്പനി ഓപറേഷൻ മാനേജർ സുഹൈബ് നായക്കൻ, ലുജൈൻ ക്യാമ്പ് എം.ഡി ശൗഫർ വണ്ടൂർ എന്നിവരും യാംബു ജനറൽ ആശുപത്രിയിലെയും റോയൽ കമീഷൻ ആശുപത്രിയിലെയും മലയാളി നഴ്സുമാരും അടക്കം ജിതേഷിന്റെ പരിചരണത്തിനും നാട്ടിലെത്തിക്കാനുള്ള നടപടികൾക്കുമായി രംഗത്തുണ്ടായിരുന്നു.
ജിതേഷിനെ നാട്ടിലെത്തിക്കാനായി കൂടെ പോകാൻ മലപ്പുറം ചെങ്ങാനി സ്വദേശി വി.പി. മുസ്തഫ തയാറായതും തുണയായി. നവോദയ അംഗംകൂടിയായ ജിതേഷിന്റെ ചികിത്സക്കും നാട്ടിലേക്കുള്ള നടപടികൾക്കും വേണ്ടി സഹകരിച്ച സാമൂഹിക പ്രവർത്തകർക്ക് നവോദയ യാംബു ഏരിയ കമ്മിറ്റി രക്ഷാധികാരി അജോ ജോർജ് നന്ദി അറിയിച്ചു. തൊഴിൽ നിയമ കുരുക്കിൽപെട്ട് ആനുകൂല്യങ്ങൾക്ക് അർഹരല്ലാത്തവരും പവപ്പെട്ടവരുമായ ഇന്ത്യൻ തൊഴിലാളികൾക്ക് ചികിത്സക്കും മെഡിക്കൽ സംരക്ഷണത്തോടുകൂടിയ വിമാനയാത്രക്കും ആവശ്യമായ ചെലവ് വഹിക്കാൻ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെടാൻ ഇന്ത്യക്കാരുടെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് സാമൂഹിക പ്രവർത്തകർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.