ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ഏഴാമത് റഹീം മേച്ചേരി പുരസ്‌കാരം പി.എ റഷീദ് നിറമത്തൂറിന്

ജിദ്ദ: ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് സമഗ്ര സംഭാവന നല്‍കിയവര്‍ക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി നല്‍കി വരുന്ന 'റഹീം മേച്ചേരി പുരസ്‌കാരത്തിന്' ഇത്തവണ പി.എ റഷീദ് നിറമത്തൂർ അർഹനായി. മാധ്യമ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, പരിഭാഷകൻ, കോളമിസ്റ്റ്, സാമൂഹിക നിരീക്ഷകൻ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ പരിഗണിച്ചാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം, പുബ്ലിക് റിലേഷൻ ഓഫീസർ, സി.എച്ഛ് മുഹമ്മദ് കോയ ചെയർ ഡയറക്‌ടർ തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിച്ച പി.എ റഷീദ് കേരള സർക്കാരിൻറെ പബ്ലിക് റിലേഷൻ വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റന്റ് എഡിറ്റർ, വിവിധ ജില്ലകളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ തസ്തികകളിലും കോഴിക്കോട് മേഖലാ അഡീഷണൽ ഡയറക്ടറായും സേവനം ചെയ്തു. കേരള സർക്കാർ ഇൻഫർമേഷൻ ഡയറക്ടറായാണ് സർവീസിൽ നിന്ന് വിരമിച്ചത്. മമ്പാട് എം.ഇ.എസ് കോളേജിൽ നിന്ന് ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹം ചന്ദ്രിക, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിൽ പത്രാധിപ സമിതി അംഗം, ഗ്രേസ് ബുക്ക്സ് ജനറൽ എഡിറ്റർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

ഗ്രേസ് ബുക്ക്സ് പുറത്തിറക്കിയ സാമൂഹിക പരിഷ്കർത്താക്കളും നവോത്ഥാന നായകരുമായി അറിയപ്പെടുന്ന 18 ചരിത്ര പുരുഷൻമാരുടെ ജീവചരിത്രം ഉൾക്കൊള്ളുന 18 പുസ്തകത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് പി.എ റഷീദ് ആണ്. ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി കമ്മറ്റി 2007 ൽ പുറത്തിറക്കിയ എണ്ണൂറോളം പേജുകളുള്ള റഹീം മേച്ചേരിയുടെ ലേഖന സമാഹാരത്തിന്റെ ചീഫ് എഡിറ്ററും ഇദ്ധേഹമായിരുന്നു. ഇതിന് പുറമെ മലയാളത്തിൽ പുറത്തിറങ്ങിയ ഒട്ടേറെ മുസ്ലിം ലീഗ് ചരിത്ര ഗ്രന്ഥങ്ങളുടെയും സോവനീറുകളുടെയും എഡിറ്റിംഗ് നിർവഹിച്ച പി.എ റഷീദ് നിരവധി ഡോക്യൂമെന്ററികൾക്കും സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്.

മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറി ഇ.ടി മുഹമ്മദ് ബശീര്‍ എം.പി ചെയർമാനും ചന്ദ്രിക പത്രാധിപരായിരുന്ന സി.പി സൈതലവി, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രെട്ടറി അബൂബക്കർ അരിമ്പ്ര ,വിദ്യാഭ്യാസ പ്രവർത്തകൻ മുസ്തഫ വാക്കാലൂർ എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ വെച്ച് പി.എ റഷീദിന് പുരസ്‌കാരം സമ്മാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപിക്കുന്നു.

ചന്ദ്രിക പത്രാധിപരും ഗ്രന്ഥകാരനും, മികച്ച രാഷ്ട്രീയ നിരീക്ഷകനും പ്രഭാഷകനുമായിരുന്ന റഹീം മേച്ചേരിയുടെ സ്മരണാര്‍ഥം 2007 ലാണ് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി റഹീം മേച്ചേരി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കി വരുന്ന പുരസ്‌കാരം മുന്‍ വര്‍ഷങ്ങളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍, എം.സി വടകര, എ.എം കുഞ്ഞിബാവ, സി.പി സൈതലവി, എം.ഐ തങ്ങള്‍, റഹ്‌മാൻ തായലങ്ങാടി എന്നിവര്‍ക്കായിരുന്നു സമ്മാനിച്ചിരുന്നത്. വാർത്ത സമ്മേളനത്തിൽ ജൂറി അംഗം അബൂബക്കർ അരിമ്പ്ര, ഇസ്മായിൽ മുണ്ടക്കുളം, നാസർ ഒളവട്ടൂർ, കെ.കെ മുഹമ്മദ്‌, അബ്ദുൽ റഹ്മാൻ അയക്കോടൻ, എം.കെ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - jeddah kmcc award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.