ജാമിഅ അൽഹിന്ദ് പ്രതിനിധികളെ മക്കയിൽ സൗദി മതകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സ്വീകരിച്ചപ്പോൾ
മക്ക: സൗദി മതകാര്യ മന്ത്രാലയത്തിന്റെ ക്ഷണമനുസരിച്ച് മക്കയിലെത്തിയ ജാമിഅ അൽഹിന്ദ് പ്രതിനിധികൾക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. മക്ക റീജനൽ ഡയറക്ടർ ഡോ. സാലിം ബിൻ ഹാജ് അൽഖാമിരിയുടെ സാന്നിധ്യത്തിൽ മതകാര്യ വകുപ്പ് മന്ത്രിയുടെ അണ്ടർ സെക്രട്ടറി ഡോ. അവ്വാദ് ബിൻ സബ്തി അൽഅൻസിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ, ജാമിഅ അൽഹിന്ദ് എന്നിവയുടെ പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി, ജാമിഅ ഡയറക്ടർ ഫൈസൽ മൗലവി, ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ എന്നിവരാണ് സംഘത്തിലുള്ളത്.
ഡോ. അവ്വാദ് അൽഅനസി, ജാമിഅ അൽ ഹിന്ദ് സംഘത്തെ സ്വാഗതം ചെയ്യുകയും സംഘത്തിന്റെ സന്ദർശനത്തിൽ സന്തോഷം രേഖപ്പെടുത്തുകയും ആശംസകൾ നേരുകയും ചെയ്തു. സൗഹൃദ സംഭാഷണങ്ങൾ കൊണ്ടും പൊതു പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളും മതപരമായ വിഷയങ്ങളിലുമുള്ള ചർച്ചകൾ കൊണ്ടും ധന്യമായിരുന്നു കൂടിക്കാഴ്ചയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സൗദി ഭരണകൂടം മാനവതക്കും ഇസ്ലാമിനും മുസ്‍ലിംകൾക്കും ചെയ്യുന്ന സേവനത്തെക്കുറിച്ചും ഇരു ഹറമുകളുടെയും അവിടങ്ങളിൽ തീർഥാടനത്തിനായി എത്തുന്ന വിശ്വാസികളുടെ സംരക്ഷണത്തിനുമായി ചെയ്യുന്ന പ്രയത്നങ്ങളെക്കുറിച്ചും ഇസ്ലാമിക പ്രബോധന മേഖലയിലും ചാരിറ്റി മേഖലയിലും ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുന്നതിലും ഇസ്ലാമിന്റെ തനതായ മധ്യമ രീതി പ്രചരിപ്പിക്കുന്നതിലും ഭരണകൂടം നിർവഹിക്കുന്ന സംഭാവനകളെയും ജാമിഅ സംഘം പ്രത്യേകം പ്രശംസിച്ചു.
ഇരു ഹറമുകളുടെയും സംരക്ഷകർ എന്ന നിലയിൽ, ലോക മുസ് ലിംകളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും രാജ്യത്തിന് പ്രത്യേക സ്ഥാനവും പങ്കുമുണ്ടെന്ന് സംഘം ഊന്നിപ്പറഞ്ഞു. കേരളത്തിലെ മത പ്രബോധന സംരംഭങ്ങളെയും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെയും ജാമിഅ അൽ ഹിന്ദിന്റെയും പ്രവർത്തനങ്ങളെയും വിശദമായി പരിചയപ്പെട്ട അണ്ടർ സെക്രട്ടറി സമ്പൂർണ സംതൃപ്തി രേഖപ്പെടുത്തി.
കൂടിക്കാഴ്ചയുടെ അവസാനത്തിൽ തങ്ങൾക്ക് നൽകിയ ഊഷ്‌മളമായ സ്വീകരണത്തിന് സൗദി മതകാര്യവകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖിന് സംഘം നന്ദിയും അഭിനന്ദനവും അറിയിച്ചു. മക്ക, മദീന സന്ദർശനവും ഉംറയും കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് പ്രസ് സന്ദർശനവും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി തന്നെ നടത്താനും സംഘത്തിന് അവസരം ലഭിച്ചു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഫോട്ടോ സഹിതം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.