റിയാദ്: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് സൗദി നാഷനൽ മ്യൂസിയം, ഹെറിറ്റേജ് കമീഷൻ, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷണൽ ആർട്സ് എന്നിവയുടെ സഹകരണത്തോടെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. മെയ് 14 മുതൽ 16 വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടികളിൽ സാംസ്‌കാരിക സംവാദങ്ങൾ, ശിൽപ്പശാലകൾ, സംഗീത നാടകങ്ങൾ എന്നിവ ഉൾപ്പെടുന്നു.
സാംസ്‌കാരിക വിവരണങ്ങൾ ആധുനിക മനുഷ്യന്റെ മനോഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഇത് സമൂഹത്തിൽ മാനസികവും ബൗദ്ധികവുമായ ഭിന്നതകൾക്കും വിദേശീയതാ ബോധത്തിനും കാരണമാകുന്നുണ്ടോ എന്നും പരിശോധിക്കുന്ന പ്രത്യേക ചർച്ച മെയ് 15-ന് നടക്കും. ഡോ. സഅദ് അൽ ബാസി, ഡോ. മുഹമ്മദ് അൽ അമ്രി എന്നിവർ നയിക്കുന്ന ഈ സെഷൻ 'സാംസ്‌കാരിക വിവരണവും സ്വത്വവും' എന്ന വിഷയത്തിലാണ് ഊന്നൽ നൽകുന്നത്. ഇതിനുപുറമെ, മ്യൂസിയങ്ങൾ കേവലം പ്രദർശന ശാലകളല്ലെന്നും അവ ചരിത്രത്തിന് നിയമസാധുത നൽകുന്ന സ്ഥാപനങ്ങളാണെന്നും ഓർമ്മിപ്പിക്കുന്ന ‘ആർക്കാണ് കഥ പറയാൻ അവകാശമുള്ളത്?’ എന്ന വിഷയത്തിലുള്ള സംവാദവും ശ്രദ്ധേയമാണ്.
ഹെറിറ്റേജ് കമീഷൻ സംഘടിപ്പിക്കുന്ന ചർച്ചകളിൽ പ്രാദേശിക ഭാഷകളും വായ്മൊഴികളും എങ്ങനെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാകുന്നുവെന്നും അവ സമൂഹങ്ങളെ എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നും വിശദീകരിക്കുന്നു. കൂടാതെ, പരമ്പരാഗത വാസ്തുവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചും ആധുനിക സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും മെയ് 16-ന് വിദഗ്ധർ സംവദിക്കും.
കലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ‘ആഖ്യാനങ്ങളുടെ അടയാളങ്ങൾ’ എന്ന വർക്ക്ഷോപ്പിലൂടെ ചരിത്രപരമായ വിവരണങ്ങളെ സാങ്കേതിക വിശകലനത്തിലൂടെയും കലാപരമായ കാഴ്ചപ്പാടിലൂടെയും പുനർനിർമിക്കുന്നു. പരമ്പരാഗത പ്രകടനാത്മക കലകൾ എങ്ങനെ തലമുറകളിലൂടെ സാംസ്‌കാരിക സ്വത്വം കൈമാറുന്നു എന്നതിനെക്കുറിച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷണൽ ആർട്സ് പ്രത്യേക ഇൻട്രാക്ടീവ് സെഷൻ സംഘടിപ്പിക്കുന്നുണ്ട്. വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ‘ഏതാണ് കൂടുതൽ ന്യായമായത്?’ എന്ന സംവാദവും ഇതോടൊപ്പം നടക്കും.
സന്ദർശകർക്കായി ‘ബിറ്റ്വീൻ ഫേഡിങ് ആൻഡ് എറ്റേണിറ്റി’ എന്ന പേരിൽ ഷാഡോ തിയേറ്ററും തത്സമയ സംഗീതവും കോർത്തിണക്കിയുള്ള പ്രദർശനം നാഗരികതകളുടെ കഥകൾ അവതരിപ്പിക്കും. സാംസ്‌കാരിക പൈതൃകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഡിജിറ്റൽ, ബോർഡ് ഗെയിമുകൾ അടങ്ങിയ ‘ഗെയിംസ് ഹബ്’, ‘ഗിൽഗാമേഷ്’ ഇതിഹാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഫോട്ടോ കോർണർ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാണ്.
കുട്ടികൾക്കായുള്ള മൺപാത്ര നിർമാണ കഥകൾ, ഫേഷ്യൽ ആർട്ട് തുടങ്ങിയ പ്രവർത്തനങ്ങൾ മ്യൂസിയത്തിെൻറ വിവിധ ഗാലറികളിലായി നടക്കും. നോളജ് ഒാഫ് ബ്രിഡ്ജ് എന്ന പരിപാടിയിലൂടെ വിവിധ മേഖലകളിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.