മക്ക മസ്ജിദുൽ ഹറാം
മക്ക: മസ്ജിദുൽ ഹറമിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം മാർഗരേഖ. പള്ളിയിലെത്തുന്നവരുടെ സുരക്ഷക്കും അവരുടെ അനുഷ്ഠാനങ്ങളും പ്രാർഥനകളും സുഗമമാകുന്നതിനും ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് വിശദീകരിക്കുന്ന റമദാൻ മാസത്തേക്കുള്ള മാർഗരേഖയാണ് മന്ത്രാലയം പുറത്തുവിട്ടത്. ഹറമിനകത്തും പുറം മുറ്റങ്ങളിലും ആയുധങ്ങളും മൂർച്ചയുള്ള ഉപകരണങ്ങളും കൊണ്ടുവരരുത്, സംഭാവന പിരിക്കരുത്, മോട്ടോർ സൈക്കിളുകളും സൈക്കിളുകളും കൊണ്ടുവരരുത്, പുകവലി, ഭിക്ഷാടനം, കച്ചവടം എന്നിവ നടത്തരുത്, ലഗേജുകളും വ്യക്തിഗത വസ്തുക്കളും കൊണ്ടുവരുകയോ അവ അകത്തോ പുറത്തോ ജനാലകളിൽ തൂക്കിയിടുകയോ മുറ്റത്ത് ഉപേക്ഷിക്കുകയോ ചെയ്യരുത്, ഭക്തരുടെ മനസ്സമാധാനം കെടുത്തുന്നതോ ത്വവാഫും സഅ്ഇയും പ്രാർഥനകളും തടസ്സപ്പെടുത്തുന്നതോ ആയ പ്രവർത്തനങ്ങൾ നടത്തരുത് എന്നിവയാണ് ഹറമിനുള്ളിലും പുറം മുറ്റങ്ങളിലും പാലിക്കേണ്ട കാര്യങ്ങൾ.
പൊതുഗതാഗത ബസുകൾ, ഹറമൈൻ ട്രെയ്ൻ, സ്വകാര്യ കാറുകൾ, ടാക്സികൾ, ഷട്ടിൽ ബസുകൾ എന്നിവ ഉപയോഗിച്ച് ഉംറക്കോ പ്രാർഥനക്കോ വരുമ്പോൾ മക്ക ഹറമിൽ എങ്ങനെ എത്തിച്ചേരാം എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും മാർഗരേഖയിലുണ്ട്.
മക്കക്ക് പുറത്തും അകത്തുമുള്ള പാർക്കിങ് സ്ഥലങ്ങൾ ഏതെല്ലാമെന്നും എവിടങ്ങളിലാണെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു. കൂടാതെ ഉംറയും നമസ്കാരവും എളുപ്പത്തിലും സമാധാനത്തോടെയും നിർവഹിക്കുന്നതിന് സഹായിക്കുന്ന നിരവധി നിർദേശങ്ങളും മാർഗരേഖയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.