ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ ജിദ്ദയിലെ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ വെച്ചു സംഘടിപ്പിച്ച ഭക്ഷ്യമേളയിലെ സന്ദർശകർ
ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ 40ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ (ഐവോ) സംഘടിപ്പിച്ച ഭക്ഷ്യമേള പ്രവാസി വനിതകളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന ഭക്ഷ്യമേള ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ വനിത പ്രതിനിധികളുടെ സംഗമവേദിയായി മാറി. ഡോ. ആമിന നവീദ് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. മേളയോടനുബന്ധിച്ച് മൂന്നു വിഭാഗങ്ങളിലായി നടന്ന പാചക മത്സരങ്ങളിൽ നിരവധി വനിതകൾ പങ്കെടുത്തു.
ബിരിയാണി പാചക മത്സരത്തിൽ നദീറ ഫൈസൽ, ഷാഹിന സുബൈർ, ഫസീല നബീൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കേക്ക് നിർമാണ മത്സരത്തിൽ നുസ്മിയ, അഫ്റൂസ് ശബാന, സിബിന എന്നിവരും പായസ മത്സരത്തിൽ നസീമ മുജീബ്, നജ്മ ഹാരിസ്, സഫിന അബ്ബാസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പാചക മത്സരങ്ങൾക്ക് പുറമെ ഉള്ളിവട, പഴംപൊരി, ശർക്കര മിഠായി, കപ്പയും ബീഫും, കായ്പോള, കൽമാസ്, ഉന്നക്കായ തുടങ്ങിയ കണ്ണൂർ, തലശ്ശേരി വിഭവങ്ങളും കുട്ടികളുടെ ഇഷ്ടവിഭവങ്ങൾ ആയ കേക്ക്, കുക്കീസ്, ഡോനട്ടുകൾ തുടങ്ങിയവയും ഉത്തരേന്ത്യൻ വിഭവങ്ങളായ പാനിപൂരി, ചണ, പാവ് എന്നിവയും ഒരുക്കി.
വിവിധ സ്റ്റാളുകളിലായി ബഖൂറിന്റെ സുഗന്ധം വീശിക്കൊണ്ട് അത്തറുകളും നമസ്കാരക്കുപ്പായങ്ങൾ, പ്രാർഥന ചാർട്ടുകൾ, ചുരിദാർ ബിറ്റുകൾ ഷാളുകൾ ഹെന്ന, കാലിഗ്രാഫി, പെയിന്റിങ്, ക്ലീനിങ് മെറ്റീരിയൽസ്, പുസ്തകങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വില്പനയും മേളയെ ആകർഷകമാക്കി. മേളയോടനുബന്ധിച്ച് സജ്ജീകരിച്ച ലോകകപ്പ് ഫുട്ബാൾ ലൈവ് സംപ്രേഷണം ഫുട്ബാൾ ആസ്വാദകർക്ക് ആവേശമായി മാറി.
കുസൃതി ചോദ്യങ്ങൾ, ഇസ്ലാമിക് ക്വിസ് തുടങ്ങിയവയും കുട്ടികളുടെ ദഫ് മുട്ടും ഒപ്പനയും ഉണ്ടായിരുന്നു. ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ (ഐവോ) ഭാരവാഹികളായ ഷമിയത്ത് അൻവർ, ബരീര അബ്ദുൽ ഗനി, ഗഫീറ ഗഫൂർ, ജബീന അസീസ്, സലീന നാസർ, സിറിൻ ജമാൽ, ഫബീല നവാസ്, സംറ മൻസൂർ, ഫൗസിയ ഇബ്രാഹിം, ശാദിയ റഷാദ്, തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.