റിയാദ്: സൗദി അറേബ്യയിൽ നിരോധിത ലഹരിമരുന്നായ ‘ഖാത്’ വിൽപന നടത്തുന്നതിനിടെ ഇന്ത്യൻ പൗരൻ സുരക്ഷാ സേനയുടെ പിടിയിലായി. തെക്കൻ പ്രവിശ്യയായ അസീറിലെ അൽ ഫർഷ ഗവർണറേറ്റിൽ വെച്ചാണ് 58 കിലോഗ്രാം ഖാതുമായി ഇന്ത്യൻ പ്രവാസിയെ അഫ്‌വാജ് സെക്യൂരിറ്റി പട്രോളിങ് വിഭാഗം അറസ്റ്റ് ചെയ്തത്.
പ്രതി നിലവിൽ സുരക്ഷാ സേനയുടെ കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായും തുടർന്നുള്ള അന്വേഷണങ്ങൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
രാജ്യത്ത് മയക്കുമരുന്ന് കടത്തോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ സ്വദേശികളും വിദേശികളും ഒരുപോലെ ജാഗ്രത പാലിക്കണമെന്നും വിവരങ്ങൾ ഉടനടി സുരക്ഷാ ഏജൻസികളെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിെൻറ ഭാഗമായി പൊതുജനങ്ങൾക്ക് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 999 എന്ന നമ്പറിലും ബന്ധപ്പെടാം. കൂടാതെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിലേക്ക് നേരിട്ട് വിവരങ്ങൾ അറിയിക്കാൻ 995 എന്ന നമ്പറും ഉപയോഗിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.