ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി, അസീർ മേഖലയിലെ ഇന്ത്യൻ പ്രവാസി പ്രതിനിധികളോടൊപ്പം
അബഹ: ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി, അസീർ മേഖല ഇന്ത്യൻ പ്രവാസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. അബഹ പാലസ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ അസീർ പ്രദേശത്തെ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ കോൺസൽ ജനറൽ ചോദിച്ചറിഞ്ഞു. അബഹയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവിസും പ്രദേശത്ത് കൂടുതൽ കാരുണ്യവിഭാഗം അംഗങ്ങളുടെ ആവിശ്യകതയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കാരുണ്യവിഭാഗം വളന്റിയർ അംഗം ഇബ്റാഹിം പട്ടാമ്പി കോൺസുൽ ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തി.
അസീർ പ്രവാസി സംഘം പ്രതിനിധികളായ സുരേഷ് മാവേലിക്കരയും, സന്തോഷ് കൈരളിയും അസീറിൽ മരണപ്പെടുന്നവരുടെ രേഖകൾ ശരിയാക്കുന്നതിന് വരുന്ന കാലതാമസവും നാട്ടിൽ പോകാൻ ടിക്കറ്റിന് ബുദ്ധിമുട്ടുന്ന പ്രവാസികളെക്കുറിച്ചും സൂചിപ്പിച്ചു. താമസരേഖ (ഇഖാമ) ഇല്ലാത്തതും ഹുറൂബ് (സ്പോൺസറിൽ നിന്നും ഒളിച്ചോടിപ്പോയ കേസ്) ആയവരുടെയും കാര്യത്തിൽ ആശുപത്രി ചികിത്സക്ക് ബുദ്ധിമുട്ടുന്നതും ഇത്തരക്കാരുടെ ഫൈനൽ എക്സിറ്റ് വിസ നടപടികൾ ഓൺലൈൻ വഴി ആക്കേണ്ടതിന്റെ ആവശ്യകതയും 'ഗൾഫ് മാധ്യമം' റിപ്പോർട്ടർ കോൺസുൽ ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തി. ബഷീർ മുന്നിയൂർ, റഷീദ് ചെന്ത്രാപ്പിന്നി, വഹാബ്, അഷ്റഫ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. സൗദി താമസരേഖകൾ ശരി അല്ലാത്തവർ ഉടൻ സൗദി അറേബ്യയിൽ നിന്ന് തിരിച്ചുപോവണമെന്നും അത്തരക്കാർക്ക് സൗദി സർക്കാർ നൽകുന്ന ഇളവുകൾ എക്കാലവും തുടരില്ലെന്നും കോൺസുൽ ജനറൽ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.