ഹിന്ദി ചലച്ചിത്ര രംഗത്തെ സൂപ്പർ സ്റ്റാറായ ഷാരൂഖ് ഖാനെ സൗദിയിലെ ഒരു അന്താരാഷ്ട്ര വേദിയിലെത്തിച്ച് ബഹുമതി നൽകിയതിനും പോയ വർഷം സാക്ഷിയായി. 10 ദിവസം നീണ്ടുനിന്ന രണ്ടാമത് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ വേദിയിലാണ് അദ്ദേഹത്തിന് സൗദി അറേബ്യയുടെ ബഹുമതി സമ്മാനിച്ചത്. ചലച്ചിത്ര മേഖലക്ക് ഷാരൂഖ് ഖാൻ നല്കിയ സമഗ്ര സംഭാവന പരിഗണിച്ചുകൊണ്ടായിരുന്നു ബ്രിട്ടീഷ് സംവിധായകൻ ഗൈ റിച്ചിനോടൊപ്പം ഷാരൂഖ് ഖാനെയും പുരസ്കാരം നൽകി ആദരിച്ചത്.
ചലച്ചിത്ര രംഗത്തെ അന്താരാഷ്ട്ര പ്രതിഭകളുടെ വലിയനിരതന്നെ ജിദ്ദ റിട്സ് കാൾട്ടൻ ഹോട്ടലിൽ ഒരുക്കിയ രണ്ടാമത് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു. ഇവരുടെ ഇടയിൽനിന്നാണ് എല്ലാ ഇന്ത്യക്കാർക്കും അഭിമാന നിമിഷം സമ്മാനിച്ച് ഷാരൂഖ് ഖാൻ അവാർഡ് സ്വീകരിച്ചത്. ഷാരൂഖ് ഖാനെ ആദരിക്കുന്നതിൽ തങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്ന് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ സി.ഇ.ഒ മുഹമ്മദ് അൽതുർക്കി അവാർഡ് സമ്മാനിച്ചുകൊണ്ട് പറഞ്ഞു.
തന്റെ സിനിമകളെ എപ്പോഴും പിന്തുണക്കുന്ന സൗദിയിൽനിന്നുള്ള തന്റെ ആരാധകർക്കിടയിൽ എത്തിയത് അതിശയകരമാണെന്നും റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽനിന്ന് തനിക്ക് ഇങ്ങനെയൊരു പുരസ്കാരം നേടാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നതായും അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് ഷാരൂഖ് ഖാനും പറഞ്ഞു. റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ ഇന്ത്യൻ സംഗീത സാമ്രാട്ട് എ.ആർ. റഹ്മാൻ ‘ഡി.ജെ സാർട്ടക്’ എന്ന പേരിൽ സംഗീത പരിപാടിയും അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ നടീനടന്മാരായ രൺബീർ കപൂർ, അക്ഷയ് കുമാർ, ഋതിക് റോഷൻ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കാജൽ, സോനം കപൂർ തുടങ്ങിയവരും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ വിവിധ സെഷനുകളിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.