ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സംഗമം മുജീബുറഹ്മാൻ എ.ആർ നഗർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: രാജ്യത്തിന്റെ 76ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി 'സ്വാതന്ത്ര്യമാണ് ജീവിതം' എന്ന പ്രമേയത്തിൽ ഐ.സി.എഫ് ഇന്റർനാഷനൽ പ്രഖ്യാപിച്ച സൗഹൃദ സംഗമങ്ങളുടെ ഭാഗമായി ജിദ്ദയിലും പരിപാടി സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളെ അനുസ്മരിച്ച് നടന്ന സൗഹൃദസംഗമം രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കണമെന്നും ജാതി, മത, വർഗ, വർണ, ഭാഷകൾക്കതീതമായി രാജ്യത്തെ എല്ലാ പൗരന്മാരെയും സമന്മാരായി കാണാനും മഹത്തായ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരമൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ട് രാജ്യനന്മക്കായി പ്രവർത്തിക്കാനും ഭരണാധികാരികൾ ഉൾപ്പടെയുള്ള എല്ലാവരും തയാറാവണമെന്നും സംഗമം ആവശ്യപ്പെട്ടു. മാപ്പെഴുതി ജയിൽമോചനം നേടിയ ഒരുപാട് 'സ്വാതന്ത്ര്യസമര സേനാനികൾ' ആഘോഷിക്കപ്പെടുന്ന ഈ വേളയിൽ, അത്തരം ആളുകളുടെ ചിത്രം പാർലമെന്റ് ഹാളിൽ തൂങ്ങിയാടുന്ന കാലത്ത്, തങ്ങളുടെ ജീവനെക്കാൾ വലുത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ധീരമായ മരണമാണെന്ന് പ്രഖ്യാപിച്ച് അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം നടത്തിയ, ചരിത്രത്തിൽനിന്നും പുറത്തുനിർത്തപ്പെട്ട ഒരുപാട് ജീവിതങ്ങളുടെ വിലകൂടിയാണ് നമ്മുടെ സ്വാതന്ത്ര്യം എന്നും സംഗമം അഭിപ്രായപ്പെട്ടു. മതാതീതമായ സൗഹൃദത്തിന്റെയും വിശാലമായ സ്വാതന്ത്ര്യ സങ്കൽപത്തിന്റെയും പാരമ്പര്യമുള്ള നാം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുമ്പോൾ, അടയാളപ്പെടുത്തിയ ചരിത്രത്തിലെ സ്വാതന്ത്ര്യ സേനാനികളെ മാത്രമല്ല, നമുക്ക് പേരറിയാത്ത, പേര് അറിയണം എന്ന് ആഗ്രഹിക്കാതെ സമരത്തിൽ ബലിയർപ്പിച്ച ആയിരങ്ങൾകൂടി ആദരിക്കപ്പെടണമെന്നും സംഗമം ആവശ്യപ്പെട്ടു.
സൗഹൃദ സംഗമം ഐ.സി.എഫ് ഇന്റർനാഷനൽ വെൽഫെയർ സെക്രട്ടറി മുജീബുറഹ്മാൻ എ.ആർ നഗർ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ദഅവ സമിതി പ്രസിഡന്റ് മൊയ്തീൻ കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.
മഹ്ദ് അൽ ഉലൂം ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ യഹ്യ ഖലീൽ നൂറാനി വിഷയാവതരണം നടത്തി.
ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നാസർ വെളിയങ്കോട് (കെ.എം.സി.സി), ഷാജു അത്താണിക്കൽ (ഗ്രന്ഥപ്പുര), മുഹമ്മദ് കുഞ്ഞി വണ്ടൂർ (എഴുത്തുകാരൻ), മൻസൂർ ചുണ്ടമ്പറ്റ (ആർ.എസ്.സി), സൈനുൽ ആബിദീൻ തങ്ങൾ (ഐ.സി.എഫ്) എന്നിവർ സംസാരിച്ചു.
മൻസൂർ മാസ്റ്റർ മണ്ണാർക്കാട് സ്വാഗതവും ഹനീഫ പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു. ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റി നേതാക്കളായ ഹസ്സൻ സഖാഫി, മുഹമ്മദ് അൻവരി, മുഹ്സിൻ സഖാഫി, അബ്ദുൽ കലാം അഹ്സനി, അഹ്മദ് കബീർ, യാസർ അറഫാത്ത്, അബ്ദുൽ ഗഫൂർ പുളിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.