റിയാദ്: ഇന്ത്യൻ പൗരന്മാർ വിദേശത്തുനിന്ന് അപേക്ഷിക്കുന്ന പാസ്‌പോർട്ട് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ഫീസ് വർധന കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ആവശ്യപ്പെട്ടു. പ്രവാസി ഇന്ത്യക്കാരുടെ നിരക്കുകളിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും കുറവ് വരുത്തി, താങ്ങാനാവുന്ന ഫീസ് നയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.എഫ് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം നൽകി. വിദേശനാണ്യ വരുമാനത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും ഇന്ത്യയുടെ വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന പ്രവാസികൾക്ക്, അടിസ്ഥാന സേവനമായ പാസ്‌പോർട്ടിന് ഇന്ത്യയിലേതിനേക്കാൾ പല മടങ്ങ് അധികം തുക വിദേശത്ത് ഈടാക്കുന്നത് നീതിയുക്തമല്ലെന്ന് ഐ.സി.എഫ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് 2,500 രൂപയും 60 പേജുള്ളതിന് 3,500 രൂപയുമാണ് ഫീസെങ്കിൽ, വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിൽ ഇത് യഥാക്രമം 13,500 രൂപയും 18,000 രൂപയുമാണ്. ഇന്ത്യയിലെ നിരക്കിന്റെ അഞ്ചിരട്ടിയിലധികം വരുന്ന ഈ തുക ഗൾഫ് രാജ്യങ്ങളിലെ സാധാരണ തൊഴിലാളികൾക്കും കുറഞ്ഞ വരുമാനക്കാർക്കും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. പാസ്‌പോർട്ട് എന്നത് അടിസ്ഥാന രേഖയാണെന്നും പൗരൻ താമസിക്കുന്ന സ്ഥലം നോക്കി ഒരേ സേവനത്തിന് ഇത്രയും വലിയ ഫീസ് വ്യത്യാസം പാടില്ലെന്നും ഐ.സി.എഫ് പറഞ്ഞു. സർക്കാർ സേവനങ്ങൾ ജനക്ഷേമത്തിന് വേണ്ടിയാകണമെന്നും പ്രവാസി സമൂഹത്തോട് കൂടുതൽ കരുതലോടെ സമീപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.