ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം സൗദി അറേബ്യ; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവര റിപ്പോർട്ടിലാണ് രാജ്യത്തിെൻറ ഈ സമാനതകളില്ലാത്ത നേട്ടം വ്യക്തമാക്കുന്നത്. യു.എൻ ഡാറ്റാബേസിൽ വിവിധ രാജ്യങ്ങൾ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും, 2023-ലെ സുരക്ഷാ സൂചികയുമായി താരതമ്യം ചെയ്തുമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. സൗദിയിലെ മൊത്തം ജനസംഖ്യയുടെ 97.7 ശതമാനം ആളുകളും രാത്രി സമയങ്ങളിൽ ഭയമില്ലാതെ ഒറ്റയ്ക്ക് സഞ്ചരിക്കാൻ പൂർണ്ണ സുരക്ഷിതരാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.

രാജ്യത്തെ 15 വയസ്സും അതിനുമുകളിലുമുള്ള പുരുഷന്മാരിൽ 97 ശതമാനം പേരും രാത്രികാലങ്ങളിൽ ഒറ്റക്ക് നടക്കുമ്പോൾ തികഞ്ഞ സുരക്ഷിതത്വം അനുഭവിക്കുന്നവരാണ്. ഇതിൽ 86 ശതമാനം പേർക്ക് ഉയർന്ന സുരക്ഷിതത്വ ബോധമാണുള്ളത്. 11 ശതമാനം പേർ ഒരു പരിധി വരെ സുരക്ഷിതരാണെന്നും കരുതുന്നു. രാജ്യത്തെ മുതിർന്ന പൗരന്മാർക്കിടയിലും വളരെ ഉയർന്ന സുരക്ഷിതത്വബോധമാണ് നിലനിൽക്കുന്നത്. സൗദിയിലെ മുതിർന്ന സ്ത്രീകളിൽ 94.9 ശതമാനം പേരും രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിൽ പൂർണ സംതൃപ്തരാണ്. സ്ത്രീകളിൽ 81.7 ശതമാനം പേരും മുതിർന്ന പുരുഷന്മാരിൽ 88.2 ശതമാനം പേരും തങ്ങൾ അതീവ സുരക്ഷിതരാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. സുരക്ഷാ മേഖലയിൽ സൗദി അറേബ്യ കൈവരിച്ച ഈ മഹത്തായ നേട്ടം രാജ്യത്തിെൻറ സുസ്ഥിരതയെയും ഉയർന്ന ജീവിതനിലവാരത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിതവും മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് ഈ സുരക്ഷാ കുതിപ്പിന് ആക്കം കൂട്ടിയതെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.

Tags:    
News Summary - Saudi Arabia is a safe country; 97.7 percent of the people say that traveling at night is completely safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.