പ്രതീകാത്മക ചിത്രം
റിയാദ്: സൗദി അറേബ്യയുടെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പ്രഫഷനലുകളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വളർച്ച രേഖപ്പെടുത്തി. ആരോഗ്യ രംഗത്ത് നടപ്പാക്കിയ കാര്യക്ഷമവും സുസ്ഥിരവുമായ പരിവർത്തന പരിപാടികളുടെ വിജയമാണ് ഈ നേട്ടമെന്ന് സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഹെൽത്ത് വർക്ക്ഫോഴ്സ് പ്ലാനിങ് ദേശീയ കേന്ദ്രം വ്യക്തമാക്കി. 2026ലെ കണക്കുകൾ പ്രകാരം എട്ട് ലക്ഷത്തിലധികം ഡോക്ടർമാർ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ വിവിധ സ്പെഷ്യാലിറ്റികളിലായി സേവനമനുഷ്ഠിക്കുന്ന 4,60,000 സൗദി പൗരന്മാരും ഉൾപ്പെടുന്നു. രാജ്യത്തെ ഡോക്ടർമാരുടെ എണ്ണത്തിൽ വലിയ മാറ്റമാണ് ദൃശ്യമാകുന്നത്. 2018ൽ 31 ശതമാനമായിരുന്ന സൗദി ഡോക്ടർമാരുടെ പങ്കാളിത്തം 2026ൽ 40 ശതമാനമായി ഉയർന്നു. ഇത് ദേശീയ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ രാജ്യം കൈവരിച്ച പുരോഗതിയെയാണ് പ്രതിഫലിപ്പിക്കുന്നത്. ദന്തചികിത്സ മേഖലയിലും സമാനമായ കുതിച്ചുചാട്ടം പ്രകടമാണ്. ഈ മേഖലയിൽ സൗദി പ്രാക്ടീഷണർമാരുടെ എണ്ണം 32,000 കവിഞ്ഞു.
2015 മുതൽ ഏകദേശം 357 ശതമാനം വളർച്ചയാണ് ഇവിടെ രേഖപ്പെടുത്തിയത്. നിലവിൽ ഒരു ലക്ഷം ആളുകൾക്ക് 107.6 ദന്തഡോക്ടർമാർ എന്ന അനുപാതത്തിലേക്ക് സൗദി എത്തിയിട്ടുണ്ട്. ഇത് ജി20 രാജ്യങ്ങളുടെ ശരാശരിയായ 77.4നേക്കാൾ വളരെ കൂടുതലാണ്. മികച്ച സേവന നിലവാരത്തിലൂടെയും സ്പെഷ്യലൈസേഷനിലൂടെയും ഈ രംഗത്ത് ആഗോളതലത്തിൽ തന്നെ സൗദി അറേബ്യ തങ്ങളുടെ സ്ഥാനം ഉയർത്തിക്കഴിഞ്ഞു.
നഴ്സിങ്, മിഡ്വൈഫറി മേഖലകളിൽ ആകെ ജോലി ചെയ്യുന്ന 2,90,000 പ്രാക്ടീഷണർമാരിൽ 1,10,000 പേരും സൗദി സ്വദേശികളാണ്. ഫാർമസി രംഗത്തും ഗണ്യമായ മുന്നേറ്റമുണ്ടായി. സ്വദേശി ഫാർമസിസ്റ്റുകളുടെ ശതമാനം 32ൽ നിന്ന് 52ലേക്ക് ഉയർന്നു. മെഡിക്കൽ സയൻസ് പ്രഫഷനുകളിലെ കണക്കുകൾ കൂടുതൽ ശ്രദ്ധേയമാണ്. ഈ വിഭാഗത്തിലെ 2,47,000 പ്രാക്ടീഷണർമാരിൽ 87 ശതമാനവും സ്വദേശികളാണ്. 2015ന് ശേഷം ഈ മേഖലയിൽ മാത്രം 179 ശതമാനത്തിന്റെ വർധനവുണ്ടായി. ഹെൽത്ത് അക്കാദമിയുടെ നേതൃത്വത്തിൽ 37 നഗരങ്ങളിലായി നടപ്പാക്കിയ തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടികളാണ് ഈ വളർച്ചക്ക് വേഗം കൂട്ടിയത്. ഇത്തരം പരിശീലനങ്ങളിലൂടെ 40,000ത്തിലധികം ട്രെയിനികളെ സജ്ജരാക്കാൻ സാധിച്ചതായും ഹെൽത്ത് വർക്ക്ഫോഴ്സ് പ്ലാനിങ് ദേശീയ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.