‘ഹൂതികളുടെ ദീർഘദൂര ആക്രമണങ്ങൾക്ക് ഇറാനിയൻ പിന്തുണയുണ്ട്' -അലക്സാണ്ട്രു ക്രിസ്റ്റ്യൻ ഹുഡിസ്റ്റാനു
ജിദ്ദ : ഇറാനിൽ നിന്ന് ലഭിച്ചേക്കാവുന്ന സാങ്കേതിക സഹായത്തോടെ, മുമ്പത്തേക്കാൾ വളരെ അകലെയുള്ള പ്രദേശങ്ങളെ ആക്രമിക്കാനുള്ള ശേഷി ഹൂതികൾ കൈവരിച്ചിട്ടുണ്ടെന്ന് പ്രമുഖ പ്രതിരോധ-സമുദ്രമേഖലാ നിരീക്ഷകനായ അലക്സാണ്ട്രു ക്രിസ്റ്റ്യൻ ഹുഡിസ്റ്റിയാനു പറഞ്ഞതായി 'അൽ ജസീറ' റിപ്പോർട്ട് ചെയ്തു .1,500 മുതൽ 2,000 കിലോമീറ്റർ വരെയുള്ള ദൂരപരിധി ഇപ്പോൾ ഹൂതികളുടെ ആക്രമണ പരിധിയിലാണ് .
സൗദി അറേബ്യയുടെ ഉൾപ്രദേശങ്ങളിലേക്ക് വരെ ആക്രമണങ്ങൾ നടന്നതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇക്കാര്യം വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ഇത്തരം അത്യാധുനിക ആയുധശേഖരം, പ്രത്യേകിച്ച് ബാലിസ്റ്റിക് മിസൈലുകൾ, സ്വന്തമായി നിർമിക്കാനുള്ള കൃത്യതയോ സാങ്കേതിക ശേഷിയോ യെമനിലെ ഈ സായുധ സംഘത്തിനില്ലെന്ന് ഹുഡിസ്റ്റിയാനു ചൂണ്ടിക്കാട്ടി.
ഇത്തരം ആക്രമണങ്ങൾ നടത്താനുള്ള ഹൂതികളുടെ ശേഷിക്ക് പിന്നിൽ അടിസ്ഥാനപരമായി ഇറാനിയൻ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നത് വ്യക്തമാണ്.സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, അവയിൽ ചില മിസൈലുകളെങ്കിലും പ്രതിരോധം ഭേദിച്ച് ലക്ഷ്യസ്ഥാനത്ത് പതിക്കാനുള്ള 'സാധ്യത' എപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഹുഡിസ്റ്റിയാനു കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഒരു പ്രതിരോധ-സമുദ്രമേഖലാ സുരക്ഷാ വിദഗ്ധനും മിലിട്ടറി-ഡിപ്ലോമാറ്റിക് അനലിസ്റ്റുമാണ് അലക്സാണ്ട്രു ക്രിസ്റ്റ്യൻ ഹുഡിസ്റ്റാനു. റൊമാനിയൻ നാവികസേനയിൽ ഏകദേശം 13 വർഷത്തോളം ഓഫീസറായി അദ്ദേഹം സേവന മനുഷ്ഠിച്ചിട്ടുണ്ട്.
നാറ്റോയുടെ അംഗീകാരമുള്ള അതോറിറ്റിയിൽ എക്സർസൈസ് സ്റ്റാഫ് ഓഫീസറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ മേഖലകളിൽ അന്താരാഷ്ട്ര നാവിക അഭ്യാസങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നേതൃത്വം നൽകുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
സമുദ്രസുരക്ഷ, യുദ്ധ തന്ത്രങ്ങൾ, മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയിൽ വിദഗ്ധനായ അദ്ദേഹം അൽ ജസീറ, ബി.ബി.സി, ടി.ആർ.ടി വേൾഡ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രതിരോധ നിരീക്ഷകനായി സ്ഥിരമായി വരാറുണ്ട്.
പ്രത്യേകിച്ച് ഹുർമുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്നങ്ങൾ, ഇറാൻ-അമേരിക്കൻ നയതന്ത്രങ്ങൾ, മിഡിൽ ഈസ്റ്റിലെ സൈനിക വിന്യാസങ്ങൾ എന്നിവയിൽ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഹൂതികളുടെ വിഷയത്തിലിലും അദ്ദേഹത്തിന്റെ നിരീക്ഷണം ഇപ്പോൾ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.