'മോദി സർക്കാർ ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യുന്നു: മഹാത്മാഗാന്ധി സ്റ്റഡി സെന്റർ
ദമ്മാം: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് ദമ്മാം മഹാത്മാഗാന്ധി സ്റ്റഡി സെന്റർ കുറ്റപ്പെടുത്തി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖ പ്രതിപക്ഷ എം.പിമാരെ അറസ്റ്റ് ചെയ്ത കേന്ദ്ര ഭരണകൂടത്തിന്റെ നടപടിയിൽ സെന്റർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, വോട്ടർ പട്ടികയിലെ വ്യാപകമായ വെട്ടിമാറ്റലുകൾക്കും ക്രമക്കേടുകൾക്കും എതിരെയും ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെയും മറ്റ് സിവിൽ സൊസൈറ്റി സംഘടനകളുടെയും നേതൃത്വത്തിൽ ശക്തമായ സമരങ്ങളാണ് നടന്നുവരുന്നത്. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാനും തിരഞ്ഞെടുപ്പ് സംവിധാനത്തിലെ സുതാര്യത ഉറപ്പുവരുത്താനും തെരുവിലിറങ്ങിയ ജനപ്രതിനിധികളെ പൊലീസിനെയും മറ്റ് ഭരണകൂട ശക്തികളെയും ഉപയോഗിച്ച് അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കി ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും നഗ്നമായ ഫാസിസ്റ്റ് രീതിയാണെന്ന് മഹാത്മാഗാന്ധി സ്റ്റഡി സെന്റർ ഭാരവാഹികൾ വ്യക്തമാക്കി. ജനാധിപത്യ തത്ത്വങ്ങൾ കാറ്റിൽപ്പറത്തി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാരിന്റെ ഈ ജനവിരുദ്ധ നീക്കങ്ങൾക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയും രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ശക്തമായി അണിനിരക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. പ്രതിഷേധ യോഗത്തിൽ ചെയർമാൻ സിദ്ദീഖ് ഉള്ളാടംകുന്ന്, കൺവീനർ നദീം കാസർകോട് തുടങ്ങിയ ഭാരവാഹികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.