റിയാദ് വിമാനത്താവള ആക്രമണം: മരിച്ചവരിൽ ബംഗ്ലാദേശിലെ മതപണ്ഡിതനും
റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ച വൈകുന്നേരം ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബംഗ്ലാദേശ് സ്വദേശിയായ ഉംറ തീർഥാടകൻ നസ്രുല്ല ബദ്‌ർപൂരി (35) മരിച്ചു. ബംഗ്ലാദേശി മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 10ാം തീയതി ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിനായി മക്കയിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
ധാക്കയിലെ ഒരു മതപാഠശാലയിലെ അധ്യാപകനും 'മുഫ്തി' എന്നറിയപ്പെടുന്നയാളുമായ നസ്രുല്ല ബദ്‌ർപൂരി ആ സ്ഥാപനത്തിൽ നിന്നുള്ള 45 അംഗ ഉംറ തീർഥാടക സംഘത്തിന്റെ നേതാവായിരുന്നു. ജിദ്ദയിലേക്കുള്ള വിമാനത്തിൽ കയറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെക്കുറിച്ച് കുടുംബത്തിന് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.
ട്രാവൽ ഏജൻസി ഉടമയിൽ നിന്ന് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹം മരിച്ച വിവരം ലഭിച്ചത്. കിഴക്കൻ കുമില്ല ജില്ലയിലെ ബദ്‌ർപൂർ ഗ്രാമവാസിയാണ് മരിച്ച നസ്രുല്ല. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. രണ്ടാഴ്ചത്തെ ഉംറ തീർഥാടനത്തിന് ശേഷം ഒക്ടോബർ 24ന് നാട്ടിലേക്ക് മടങ്ങാൻ നിശ്ചയിച്ചിരുന്നതായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ ബംഗ്ലാദാശിൽ നിന്നുള്ള രണ്ടു പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജിദ്ദയിൽ താമസിക്കുന്ന തൊഴിലാളിയായ ശാഹിദ് അഹമ്മദ് ആണ് മരണപ്പെട്ട രണ്ടാമത്തെ ആൾ. ഇവരിൽ 13 പേർ ഉംറ വിസയിലുള്ളവരും 11 പേർ സൗദിയിൽ ജോലിക്കാരുമാണ്. ഇവർ റിയാദിലെ 11 ആശുപത്രികളിലായി ചികിത്സയിലാണ്. അവധി കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുമ്പേഴാണ് ആക്രമണത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.