'റിയാദ് ഊർജത്തിന്റെ തലസ്ഥാനമാണ്, ഞങ്ങളുടെ ശക്തിയെ തകർക്കാൻ ആർക്കും കഴിയില്ല' -ഊർജ മന്ത്രി
റിയാദ്: റിയാദ് ഊർജത്തിന്റെ തലസ്ഥാനമാണെന്നും ഞങ്ങളുടെ ശക്തിയെ തകർക്കാൻ ആർക്കും കഴിയില്ലെന്നും ഞങ്ങൾ ഫീനിക്സ് പക്ഷിയെപ്പോലെയാണെന്നും ഒരോ തവണയും ചാരത്തിൽ നിന്ന് വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നും ഊർജ, വ്യവസായ, ധാതു സമ്പത്ത് മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു.
‘ഊർജ സുരക്ഷയും പുതിയ കാലഘട്ടത്തിലെ പൊതു ലക്ഷ്യങ്ങളും’ എന്ന തലക്കെട്ടിൽ റിയാദിൽ നടന്ന 17-ാംമത് അന്താരാഷ്ട്ര ഊർജ ഫോറം മന്ത്രിതല യോഗത്തിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഊർജ സുരക്ഷയുടെ തലസ്ഥാനമായി റിയാദ് അതിന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഏതൊക്കെ വെല്ലുവിളികൾ ഉണ്ടായാലും ആഗോള വിതരണ സുരക്ഷ വർധിപ്പിക്കുന്നതിനും അതിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും അധിക പാതകളും പൈപ്പ് ലൈനുകളും വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനം രാജ്യം തുടരുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
വിശ്വസനീയമായ ഊർജ വിതരണത്തെ പിന്തുണക്കാനുള്ള രാജ്യത്തിന്റെ കഴിവ് സൗദി തെളിയിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ പോലും നിക്ഷേപങ്ങൾ നടത്താനും, സജ്ജരായിരിക്കാനും, പ്രായോഗികമായി പ്രവർത്തിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധത സൗദി ഉറപ്പിച്ചു നിർത്തിയിട്ടുണ്ട്. ഈ ശ്രമങ്ങളുടെ വ്യക്തമായ ഉദാഹരണമാണ് ‘ഈസ്റ്റ് - വെസ്റ്റ്’പൈപ്പ് ലൈൻ എന്ന് മന്ത്രി പറഞ്ഞു.
ഇത് രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ ഉത്പാദന കേന്ദ്രങ്ങളെ ചെങ്കടലിലെ യാംബു എക്‌സ്‌പോർട്ട് സൗകര്യങ്ങളുമായി ബന്ധിപ്പിക്കുകയും ആഗോള വിപണികളിലേക്ക് എണ്ണ എത്തിക്കുന്നതിന് ഒരു ബദൽ മാർഗം നൽകുകയും ചെയ്യുന്നു. മറ്റു പാതകളിലും പൈപ്പ് ലൈനുകളിലും ഞങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നത് ഒരു രഹസ്യമല്ല. വിതരണ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് ഏത് വിഭാഗത്തെയും തടയുന്നതിനായി ഞങ്ങൾ ഈ ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ ബദൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രാജ്യം നടത്തിവരികയാണ്. അത്തരം പദ്ധതികൾ ചെലവേറിയതായിരിക്കാ മെങ്കിലും ബദൽ സംവിധാനങ്ങളുടെ അഭാവം വരുത്തുന്ന ചെലവ് അതിനേക്കാൾ വളരെ വലുതാണ്.
ഊർജ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് മുമ്പെത്തേക്കാളും പ്രധാന്യമുള്ള ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഊർജ സുരക്ഷ കൈവരിക്കുക എന്നത് ഒറ്റപ്പെട്ട ഒരു രാജ്യത്തിന് മാത്രം നിർവഹിക്കാൻ കഴിയാത്ത ഒരു കൂട്ടായ ഉത്തരവാദിത്തമാണ്.
അതിന് സജീവമായ അന്താരാഷ്ട്ര സഹകരണവും ഏകോപനവും ആവശ്യമാണ്. സമ്പദ്‌വ്യവസ്ഥകളുടെ സ്ഥിരതക്കും അവയുടെ വളർച്ചയുടെ സുസ്ഥിരതക്കും ഊർജ സുരക്ഷ ഒരു അടിസ്ഥാന സ്തംഭമാണെന്നും ഊർജ മന്ത്രി പറഞ്ഞു. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഊർജ ഫോറത്തിന്റെ മന്ത്രിതല യോഗം ഊർജ മന്ത്രിമാരുടെ ലോകത്തിലെ ഏറ്റവും വലിയ സംഗമമമാണ്.
ഊർജ ഉൽപ്പാദന രാജ്യങ്ങളും ഉപഭോക്തൃ രാജ്യങ്ങളും തമ്മിലുള്ള സംഭാഷണത്തിനുള്ള ഒരു പ്രധാന വേദിയാണിത്. എല്ലാ ഊർജ സ്രോതസ്സുകളും സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾക്കൊള്ളുന്ന തുറന്നതും സമഗ്രവുമായ ചർച്ചകളിലൂടെ ആഗോള ഊർജ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഈ ഫോറം സംഭാവന നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.