വിമാനത്തിൽ അതിവേഗ ഇന്റർനെറ്റ്: സൗദി എയർലൈൻസിന്റെ പരീക്ഷണ പറക്കൽ വിജയകരം

ജിദ്ദ: സൗദി എയർലൈൻസ് (സൗദിയ) വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്നതിനുള്ള പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. വ്യോമയാന മേഖലയിലെ പരിവർത്തന പരിപാടിയുടെ തന്ത്രപരമായ ഒരു ഘടകമായി ഈ സേവനത്തെ കാണുന്നതായി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജിനീയർ സാലിഹ് അൽജസ്സർ അറിയിച്ചു.

ട്രാൻസ്പോർട്ട് മന്ത്രി എൻജിനീയർ സാലിഹ് അൽജസ്സർ, വാർത്ത വിനിമയ വിവര സാങ്കേതികവിദ്യ മന്ത്രി എൻജിനീയർ അബ്ദുല്ല അൽസ്വാഹയുമായി സൗദിയ വിമാനത്തിൽ വെച്ച് വിഡിയോ കോൺഫറൻസ് നടത്തുകയും പരീക്ഷണ ഘട്ടത്തിലുള്ള അതിവേഗ ഇന്റർനെറ്റ് സേവനം വിലയിരുത്തുകയും ചെയ്തു. 35,000 അടി ഉയരത്തിൽ SV1044 വിമാനത്തിൽ വെച്ച് സൗദി റോഷൻ ലീഗ് മത്സരങ്ങളിലൊന്ന് ലൈവായി കണ്ടതായും മന്ത്രി വ്യക്തമാക്കി.

കൂടാതെ ഒരു വാർത്ത ചാനലുമായി ലൈവ് ടെലിവിഷൻ അഭിമുഖം നടത്തുകയും ഇന്റർനെറ്റ് സേവനത്തിലുള്ള തന്റെ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇന്റർനെറ്റ് ഒരു സാങ്കേതിക ആഢംബരമല്ല, മറിച്ച് രാജ്യത്തെ വ്യോമയാന മേഖലയുടെ പരിവർത്തനത്തിന് അത്യന്താപേക്ഷിതമായ ഒരു സേവനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

നൂതനമായ ഡിജിറ്റൽ സേവനങ്ങളിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള 'സൗദിയ'യുടെ യാത്രയിൽ സൗദിയ ഡയറക്ടർ ജനറൽ എഞ്ചിനീയർ ഇബ്രാഹിം അൽ ഉമർ അഭിമാനം പ്രകടിപ്പിച്ചു. ഈ സേവനം ഉടൻ തന്നെ എല്ലാ യാത്രക്കാർക്കും സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് യാത്രക്കാരുടെ താൽപ്പര്യം വർധിപ്പിക്കാനുള്ള സൗദിയയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.

നിലവിൽ ഏകദേശം 20 വിമാനങ്ങളിൽ ഈ പുതിയ സേവനം സജ്ജീകരിച്ചിട്ടുണ്ട്. നിലവിലെ സൗദി എയർലൈൻസ് വിമാനങ്ങളിലും പുതുതായി സർവീസിനെത്തുന്ന വിമാനങ്ങളിലും ഇത് വ്യാപിപ്പിക്കും. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മുഴുവൻ വിമാനങ്ങളിലും പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക എന്റർടൈൻമെന്റ് സ്ക്രീനുകളുള്ള സീറ്റുകൾ നവീകരിക്കുന്നതിനായി സൗദിയ നടത്തിയ വലിയ നിക്ഷേപത്തിന്റെ തുടർച്ചയാണ് പുതിയ നടപടി.

നിയന്ത്രണ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ സേവനം വാണിജ്യപരമായി ആരംഭിക്കും. നിലവിലെ സാങ്കേതികവിദ്യ 300 എം.ബി.പി.എസ്‌ വരെ വേഗതയുള്ള തടസ്സമില്ലാത്ത കണക്ഷനാണ് നൽകുന്നത്. ഭാവിയിൽ ഇത് 800 എം.ബി.പി.എസിൽ അധികമായി വികസിപ്പിക്കാൻ സാധ്യതയുണ്ട്.

ഇതിലൂടെ യാത്രക്കാർക്ക് ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും, ലൈവ് സ്ട്രീമിംഗ് കാണാനും, സൂം, ടീംസ് പോലുള്ള ആപ്ലിക്കേഷനുകൾ വഴി തടസ്സമില്ലാതെ വെർച്വൽ മീറ്റിംഗുകൾ നടത്താനും സാധിക്കും. നെറ്റ്ഫ്ലിക്സ്, ഷാഹിദ്, ആമസോൺ പ്രൈം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ലൈവ് സ്ട്രീമിംഗിനെ ഉയർന്ന നിലവാരത്തിലും സ്ഥിരതയിലും ഇത് പിന്തുണയ്ക്കും. ഒന്നിലധികം ഉപകരണങ്ങൾ ഉപയോഗിക്കാനും എളുപ്പത്തിൽ മാറാനും ഈ സാങ്കേതികവിദ്യ അനുവദിക്കുന്നു.

Tags:    
News Summary - High-speed internet: Saudi Airlines' test flight successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.