യാമ്പുവില്‍ ഹെറിറ്റേജ് പാര്‍ക്ക് ഒരുങ്ങുന്നു

യാമ്പു: ചെങ്കടല്‍ തീരത്തെ തുറമുഖനഗരമായ യാമ്പുവില്‍ വിശാലമായ ഹെറിറ്റേജ് പാര്‍ക്ക് ഒരുങ്ങുന്നു. തുറമുഖത്തെ ലൈറ്റ് ഹൗസിന് സമീപത്തുണ്ടായിരുന്ന ചില റോഡുകളും കെട്ടിടങ്ങളും പൊളിച്ചു മാറ്റിയാണ് വിപുലമായ സൗകര്യങ്ങളോടെ പാര്‍ക്ക് ഒരുക്കുന്നത്. പുല്‍മേടുകളുടെയും നടപ്പാതകളുടെയും പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. പൊതുപരിപാടികള്‍ക്ക് ആതിഥ്യം അരുളുന്നതിനും പ്രാദേശിക സംസ്കാരവും പൈതൃകവും പ്രദര്‍ശിപ്പിക്കുന്നതിനും ആഭ്യന്തര ടൂറിസം വളര്‍ത്തുന്നതിനും ഇത് സാഹാകരമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. കുട്ടികള്‍ക്ക് സൈക്കിള്‍ സവാരിക്ക് പറ്റുന്ന വിശാലമായ ഏരിയ പാര്‍ക്കിന്‍െറ  സവിശേഷതയാണ്. രണ്ട് ഭാഗങ്ങളിലായി വിശാലമായ വാഹന പാര്‍ക്കിങ്  സംവിധാനവും ഒരുക്കുന്നുണ്ട്. അലങ്കാര വിളക്കുകളും പുല്‍ പരവതാനിയും സംവിധാനിച്ചു കഴിഞ്ഞു. വിവിധ സ്റ്റാളുകളും തയാറായി വരുന്നു. ഫുഡ് കോര്‍ട്ടുകളും കൈത്തറി നിര്‍മാണ വസ്തുക്കളുടെയും കളിസാധനങ്ങളുടെയും സ്റ്റാളുകളാണ് ഇവിടെ ഒരുക്കുക. പുരാതന കെട്ടിടങ്ങളുടെ പഴമ നിലനിര്‍ത്തിയാണ് പരിഷ്കരണങ്ങള്‍. സമീപത്തുള്ള  ഹോട്ടലുകളുടെ മുഖച്ഛായ മാറ്റാന്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചത് പ്രകാരം അറ്റകുറ്റപണികള്‍ നടക്കുകയാണ്. ഹോട്ടലുകളുടെ കവാടങ്ങളും വാതിലുകളും മരം കൊണ്ട് മാത്രം ഡിസൈന്‍ ചെയ്ത് പുനഃസംവിധാനിക്കാനാണ്  നിര്‍ദേശം. തുറമുഖത്തോട് ചേര്‍ന്നായതിനാല്‍ വലുതും ചെറുതുമായ കപ്പലുകള്‍ പാര്‍ക്കില്‍ നിന്ന് വളരെ അടുത്ത് നിന്ന് കാണാന്‍ സാധിക്കും. 
അറേബ്യന്‍ സംസ്കാരത്തിന്‍െറയും നാഗരികതയുടെയും ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന അപൂര്‍വ കാഴ്ചാനുഭവമാണ് യാമ്പു പുരാതന നഗരം പകര്‍ന്നു നല്‍കുന്നത്. തുറമുഖത്തോട്  ചേര്‍ന്ന് ഹെറിറ്റേജ് നഗരിയില്‍ ആയിരം വര്‍ഷത്തോളം പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളുടെ  അവശിഷ്ടങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടുകളുമുണ്ട്. പകുതി തകര്‍ന്ന മൂന്നു നില വീടുകളും, കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാന്‍ വീടിനകത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച പ്രത്യേക ഭൂഗര്‍ഭ അറകളും കുടിവെള്ള ശേഖരണ പദ്ധതികളും അറബ് പൈതൃകത്തിന്‍െറ അടയാളങ്ങളാണ്. മണ്‍കട്ടകളാല്‍ തീര്‍ത്ത ചുവരുകളും ഈത്തപ്പന തടിയില്‍ തീര്‍ത്ത മേല്‍ക്കൂരയും കാലത്തെ അതിജയിച്ച് ഇപ്പോഴും നിലനില്‍ക്കുന്നു. കടലിനെ ആശ്രയിച്ചും മത്സ്യബന്ധനം നടത്തിയും മുത്തുവാരിയും കഴിഞ്ഞുപോന്ന ഒരു സമൂഹത്തിന്‍െറ ആദ്യകാല ജീവിതമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എണ്ണയുടെ കണ്ടത്തെലിനും വൈദ്യുതിയുടെ ആഗമനത്തിനും മുമ്പ് ഒരു ജനസമൂഹം മരുഭൂമിയിലെ കൊടും ചൂടിലും കടുത്ത തണുപ്പിലും ജീവിതം കെട്ടിപ്പടുത്തതിന്‍െറ നേര്‍ സാക്ഷ്യമാണ് പുരാതന യാമ്പുവില്‍ സഞ്ചാരികള്‍ക്ക് കാണാനാവുന്നത്. നാടിന്‍െറ പൈതൃക സംരക്ഷണ പദ്ധതികളുടെ നടത്തിപ്പില്‍ പുതുതലമുറയെയും ഭാഗവാക്കാക്കുന്നതിന് സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്‍റ് ഹെറിറ്റേജിന്‍െറ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. വാണിജ്യ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനും പദ്ധതികള്‍ ആവിഷ്കരിച്ചു വരുന്നു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ജല സ്പര്‍ശമുള്ള പ്രദേശങ്ങളെ ആശ്രയിച്ച് പുഷ്ഠിപ്പെട്ട പ്രാചീന ജനവാസ കേന്ദ്രങ്ങളിലൊന്നാണ് യാമ്പു എന്ന കൊച്ചു നഗരം. അത് കൊണ്ട് തന്നെ പഴമയുടെ പൊരുള്‍ തേടി ചരിത്ര ഗവേഷകരും വിദ്യാര്‍ഥികളുമായ ധാരാളം പേര്‍ പുരാതന നഗരിയിലത്തെുന്നു.  ഹെറിറ്റേജ് പാര്‍ക്ക് പൂര്‍ത്തിയാകുന്നതോടെ സഞ്ചാരികളുടെ വരവ് കൂടുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Heritage park in Yambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.