'ഇന്ത്യ ആരുടെയും മുന്നിൽ തല കുനിക്കില്ല'; റഷ്യൻ എണ്ണ വ്യാപാര ബന്ധത്തിൽ പിഴ താരിഫ് ചുമത്തിയ യു.എസ് നടപടിക്കെതിരെ ആഞ്ഞടിച്ച് പുടിൻ

മോസ്കോ: റഷ്യയുമായുള്ള ക്രൂഡ് ഓയിൽ വ്യാപാരം നിർത്താൻ ഇന്ത്യയുടെമേൽ സമ്മർദ്ദം ചെലുത്തുന്ന യു.എസ് നടപടിക്കെതിരെ ആഞ്ഞടിച്ച് വ്ളാദിമിർ പുടിൻ. ഇന്ത്യ ആരുടെയും മുന്നിൽ തല കുനിക്കില്ലെന്നും അപമാനിതരാകില്ലെന്നും അദ്ദേഹം പറഞ്ഞു. സോചിയിലെ വാൽഡായ് ചർച്ചയുടെ പ്ലീനറി സെക്ഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമതുലിതനും ബുദ്ധിമാനുമായ നേതാവാണ് നരേന്ദ്രമോദിയെന്നും പുടിൻ മോദിയെ പ്രകീർത്തിച്ചു.

ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് പൂർണമായും സാമ്പത്തിക കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പുടിൻ പറഞ്ഞു. 'റഷ്യയിൽ നിന്നുള്ള ഊർജ വിതരണം ഇന്ത്യ നിരസിച്ചാൽ അത് ചില നഷ്ടങ്ങൾ വരുത്തി വെക്കും. ഏകദേശം 9 മുതൽ10 ബില്യൻ ഡോളർ വരെയായിരിക്കും ഇത്. എന്നാൽ നിരസിച്ചില്ലെങ്കിൽ യു.എസ് ഉപരോധം ഏർപ്പെടുത്തും. അപ്പോഴും ഇതേ നഷ്ടമുണ്ടാകും.' പുടിൻ പറഞ്ഞു.

യു.എസ് ഇന്ത്യയുടെ മേൽ ഏർപ്പെടുത്തിയ ശിക്ഷാ താരിഫ് കൊണ്ടുണ്ടാകുന്ന നഷ്ടം ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ നികത്താൻ കഴിയുമെന്നും പരമാധികാര രാഷ്ട്രം എന്ന നിലക്ക് ഇന്ത്യക്ക് ഇത് അഭിമാനമാകുമെന്നും പുടിൻ കൂട്ടിച്ചേർത്തു. വ്യാപാര പങ്കാളികൾക്കുമേൽ ഉയർന്ന താരിഫ് ചുമത്തുന്നത് ആഗോള വിലക്കയറ്റത്തിന് കാരണമാകുമെന്നും യു.എസ് ഫെഡറൽ റിസർവിനെ പലിശ നിരക്ക് കൂട്ടാൻ പ്രേരിപ്പിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.

സോവിയറ്റ് കാലം മുതൽ ഇന്ത്യയും റഷ്യയും തമ്മിൽ നിലനിൽക്കുന്ന സവിശേഷ ബന്ധത്തെക്കുറിച്ചും പുടിൻ അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ സുഹൃത്താണെന്നും അദ്ദേഹവുമായുള്ള വിശ്വാസ യോഗ്യമായ ബന്ധത്തിൽ താൻ സംതൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ കുറക്കുന്നതിന് ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക, മെഡിക്കൽ ഉൽപ്പന്നങ്ങൾ റഷ്യ വാങ്ങുമെന്ന് പുടിൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക നയതന്ത്ര പങ്കാളിത്തം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Tags:    
News Summary - Putin hit US move to impose punitive tariffs on Russian oil trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.