ദമ്മാമിൽ ‘ഹാർമോണിയസ് കേരള’യുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച സന്നദ്ധ
പ്രവർത്തകർ ‘ഗൾഫ് മാധ്യമം’ മാനേജ്മെന്റിനൊപ്പം
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയുടെ സാംസ്കാരിക ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതിച്ചേർത്ത ഒരു ദിനമായി മാറിയ ‘ഹാർമോണിയസ് കേരള’ എന്ന മഹാമേളയുടെ യഥാർഥ വിജയശിൽപികൾ വേദിയിൽ തിളങ്ങിയ കലാകാരന്മാർ മാത്രമല്ല, അണിയറയിൽ നിശ്ശബ്ദമായി പ്രവർത്തിച്ച നൂറോളം വരുന്ന സന്നദ്ധ പ്രവർത്തകർ കൂടിയാണ്. ‘ഗൾഫ് മാധ്യമ’ത്തിെൻറ അഭ്യുദയകാംക്ഷികൾ എന്ന നിലയിൽ, പ്രതിഫലമോ പ്രശംസയോ പ്രതീക്ഷിക്കാതെ ഹൃദയപൂർവം പ്രവർത്തിച്ച ഈ സംഘത്തിെൻറ അർപ്പണബോധമാണ് പരിപാടിയെ പിഴവൊന്നുമില്ലാത്ത ഒരു മഹോത്സവമാക്കി മാറ്റിയത്.
പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ ക്രമീകരിക്കുന്നതിൽനിന്ന് സെക്യൂരിറ്റി ഗേറ്റിലെ നിയന്ത്രണത്തിലേക്കും, പ്രധാന കവാടത്തിലെ സ്വീകരണത്തിൽനിന്ന് സ്റ്റേഡിയത്തിെൻറ ഉള്ളറകളിലെ ക്രമീകരണങ്ങളിലും തുടങ്ങി എവിടെയും ഇവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. സ്ത്രീകളടക്കം പ്രവർത്തകരുടെ ഹൃദ്യമായ പെരുമാറ്റവും ഓരോ ഘട്ടവും കൃത്യമായി ആസൂത്രണം ചെയ്ത പ്രവർത്തനരീതിയും ആയിരങ്ങൾ പങ്കെടുത്ത ഈ വൻ പരിപാടിയെ ജനഹൃദയങ്ങളിൽ എത്തിച്ചു.
ഈ മുഴുവൻ പ്രവർത്തനത്തിനും ചുക്കാൻ പിടിച്ചത് അബ്ദുൽ ജലീൽ ആയിരുന്നു. മുമ്പ് നടന്ന ‘റെയ്‌നി നെറ്റ്’ പരിപാടിയിലും ക്യാപ്റ്റൻ ആയിരുന്ന ജലീൽ, ആ അനുഭവസമ്പത്ത് മുഴുവൻ ഇവിടെ പ്രയോജനപ്പെടുത്തി. ഹാർമോണിയസ് കേരളയിലെത്തിയ ഓരോ പ്രേക്ഷകനും സംഗീതത്തോടൊപ്പം ആഥിത്യത്തിെൻറ ഊഷ്മളതയും അനുഭവിക്കാൻ കഴിഞ്ഞു. ജലീലിന് പൂർണ പിന്തുണയായി വൈസ് ക്യാപ്റ്റനായ ത്വയ്യിബ് നിലയുറപ്പിച്ചു. ഓരോ വിഭാഗവും കൃത്യമായി ഏകോപിപ്പിച്ച ഈ ടീം പരിപാടിയുടെ താളം ഒരിക്കലും തെറ്റാൻ അനുവദിച്ചില്ല.
ഗതാഗത ക്രമീകരണങ്ങൾ നാസർ കല്ലായിയും നിജാമും കൈകാര്യം ചെയ്തു. ആയിരങ്ങൾ പങ്കെടുത്തിട്ടും ഒരു തിരക്കോ തടസ്സമോ ഉണ്ടാകാതിരിക്കാൻ അബൂബക്കറും നിസാമുദ്ദീനും ആൾക്കൂട്ട നിയന്ത്രണം ഏറ്റെടുത്തു. ബോക്സ് ഓഫിസ് ടിക്കറ്റ് വിൽപന ഷമീർ പത്തനാപുരവും ജമാൽ കൊടിയത്തൂരും ചേർന്ന് നിയന്ത്രിച്ചു. ഗേറ്റിലെ ക്രമീകരണങ്ങൾ ഡോ. ജൗഷീദ്, നിസാർ അഹമ്മദ്, ജുനീഷ് എന്നിവർ ഉറപ്പാക്കിയപ്പോൾ ഹാളിനുള്ളിലെ നിയന്ത്രണം ആരിഫലിയും അൻവർ സലീമും കൈകാര്യം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ഏത് ആവശ്യത്തിനും റൂഹി ബാനു, ആരിഫ ബക്കർ, സുനില എന്നിവരുടെ നേതൃത്വത്തിൽ വനിത പ്രവർത്തകർ സദാ സന്നദ്ധരായിനിന്നു. ഭക്ഷണ ചുമതല വഹിച്ച ഇല്യാസ്, സിയാദ് എന്നിവർ നിർണായക പങ്കുവഹിച്ചു. പരിപാടിയുടെ ദൃശ്യഭംഗി വർധിപ്പിച്ച പോസ്റ്റർ, പ്രമോഷൻ പ്രവർത്തനങ്ങൾ സാദത്ത് മനോഹരമായി നിർവഹിച്ചു.
സംഗീതം മുഴങ്ങിയ വേദിയുടെ മുന്നിൽ ആയിരങ്ങൾ ആസ്വദിച്ചപ്പോൾ, പിന്നിൽ പ്രവർത്തിച്ച ഈ സന്നദ്ധ പ്രവർത്തകർ കിഴക്കൻ പ്രവിശ്യയിലെ മലയാളികളുടെ ഐക്യവും കൂട്ടായ്മയും ലോകത്തിന് മുന്നിൽ തെളിയിച്ചു. അവരുടെ സമർപ്പണമാണ് ഹാർമോണിയസ് കേരളയെ ഒരു സാധാരണ സംഗീതവിരുന്നിൽ നിന്ന് ഒരു ചരിത്രനിമിഷമായി ഉയർത്തിയത്. ഈ കൂട്ടായ്മയുടെ ആത്മാർഥതയും പ്രവർത്തനശേഷിയും ഭാവിയിലെ മലയാളി സാംസ്കാരിക മേഖലയിൽ ഒരു മാതൃകയായി നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.