മക്ക: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് തീർഥാടകർ പൈശാചികതക്കെതിരെയുള്ള പ്രതീകാത്മക കല്ലേറ് കർമം പൂർത്തിയാക്കിയതോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് അർധവിരാമമായി. ബുധനാഴ്ച വലിയ ജംറയായ ‘ജംറതുൽ അഖബ’യിൽ ഏഴു ചെറു കല്ലുകൾ എറിഞ്ഞ ശേഷം, ഹാജിമാർ തലമുടി മുണ്ഡനം ചെയ്ത് ഇഹ്റാം വസ്ത്രത്തിൽ നിന്നും ഒഴിവാകാൻ തുടങ്ങി. ചൊവ്വാഴ്ച രാത്രി അറഫയിൽ നിന്ന് പുറപ്പെട്ട തീർഥാടകർ മുസ്ദലിഫയിൽ രാപ്പാർത്തു. തുടർന്ന് ബുധനാഴ്ച പുലർച്ചെയോടെ മണിക്കൂറിൽ മൂന്ന് ലക്ഷം പേർക്ക് ഒരുമിച്ച് കല്ലേറ് നടത്താൻ സൗകര്യമുള്ള അഞ്ചു നിലകളിലായുള്ള ജംറ സമുച്ചയത്തിൽ എത്തി അവർ കർമം ആരംഭിച്ചു.
പ്രവാചകൻ ഇബ്രാഹീം നബിയോട് മകൻ ഇസ്മാഈലിനെ ബലി നൽകാൻ അല്ലാഹു ആവശ്യപ്പെട്ടപ്പോൾ, അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെയാണ് മൂന്ന് ജംറ സ്തൂപങ്ങളും പ്രതിനിധീകരിക്കുന്നത്. ത്യാഗസ്മരണ പുതുക്കാനും ജീവിതത്തിലെ തിന്മകളെ ഇല്ലാതാക്കാനുമാണ് ഹാജിമാർ ഇവിടെ കല്ലേറ് നടത്തുന്നത്. ബുധനാഴ്ച ബലിപെരുന്നാൾ ദിനത്തിൽ ഹാജിമാർക്ക് ഏറ്റവും തിരക്കേറിയ സമയമായിരുന്നു. മുസ്ദലിഫയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ജംറയിലേക്ക് ബസ്, മെട്രോ മാർഗങ്ങളിലാണ് തീർഥാടകർ എത്തിയത്. കല്ലേറിനും ബലികർമത്തിനും മുടി മുണ്ഡനം ചെയ്യുന്നതിനും ശേഷം ഇഹ്റാം വസ്ത്രം മാറി സാധാരണ വസ്ത്രം ധരിച്ച അവർ, തുടർന്ന് മസ്ജിദുൽ ഹറാമിലെത്തി കഅ്ബ പ്രദക്ഷിണവും (ത്വവാഫ്) സഫാ-മർവ കുന്നുകൾക്കിടയിലുള്ള പ്രയാണവും (സഈ) പൂർത്തിയാക്കി.
പ്രധാന കർമങ്ങൾ പൂർത്തിയാക്കി മിനായിലേക്ക് മടങ്ങുന്ന തീർഥാടകർ ഇനി മൂന്ന് നാൾ മിനാ തമ്പുകളിലാണ് കഴിഞ്ഞുകൂടുക. ദുൽഹജ്ജ് 11, 12, 13 (വ്യാഴം, വെള്ളി, ശനി) ദിനങ്ങളിൽ മൂന്ന് പ്രതീകാത്മക സ്തൂപങ്ങളിലും കല്ലേറ് നിർവഹിക്കുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് പൂർണ സമാപനമാകും. കടുത്ത ചൂടിനെ അവഗണിച്ചാണ് തീർഥാടകർ കർമങ്ങൾ നിർവഹിച്ചത്. എന്നാൽ, ഇത്തവണ ഏർപ്പെടുത്തിയ കർശന സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഹാജിമാർക്ക് വലിയ ആശ്വാസമായി. ഇന്ത്യയിൽ നിന്നുള്ള ഒന്നേകാൽ ലക്ഷത്തോളം ഹാജിമാരും അറഫയിൽ നിന്ന് മടങ്ങി കല്ലേറ് പൂർത്തിയാക്കി മിന തമ്പുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. ഭൂരിഭാഗം പേരും ബുധനാഴ്ച തന്നെ ത്വവാഫും സഈയും പൂർത്തിയാക്കി. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ തീർഥാടകരെ നയിക്കാൻ 816 ഹജ്ജ് ഇൻസ്പെക്ടർമാരുണ്ട്. ഹജ്ജിനിടെ രണ്ട് മലയാളി തീർഥാടകർ ഉൾപ്പെടെ ഏതാനും ഹാജിമാർ മരിക്കുകയും ചിലരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.