ഹജ്ജ് 2026; കഅ്ബയിൽ വാർഷിക അറ്റകുറ്റപ്പണികൾ ആരംഭിച്ചു

മക്ക: ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി കഅ്ബയിൽ വാർഷിക അറ്റകുറ്റപ്പണികൾക്ക് തുടക്കമായി. കഅ്ബയുടെ വിശുദ്ധി നിലനിർത്തുന്നതിനും ഏറ്റവും മനോഹരമായ രീതിയിൽ സംരക്ഷിക്കുന്നതിനുമാണ് പതിവ് അറ്റകുറ്റപ്പണികൾ ആരംഭിച്ചിരിക്കുന്നതെന്ന് ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽറബീഅ അറിയിച്ചു.

സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാര​ന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലും താൽപര്യത്തിലുമാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി, അതീവ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഓരോ വർഷവും അറ്റകുറ്റപ്പണികൾ നടന്നു വരുന്നത്. പുണ്യഗേഹത്തി​ന്റെ തനിമ ചോരാതെ മികച്ച രീതിയിൽ നിലനിർത്തുന്നതിൽ സൗദി ഭരണകൂടം വലിയ ശ്രദ്ധയാണ് പുലർത്തുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ദൈവിക ഭവനത്തോട് പുലർത്തുന്ന ബഹുമാനത്തിന്റെയും ആദരവി​ന്റെയും പ്രതിഫലനമാണ് കഅ്ബയിൽ നടത്തുന്ന ഇത്തരം കൃത്യമായ പരിപാലന പ്രവർത്തനങ്ങളെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ് ലിംകളുടെ ഹൃദയത്തിൽ വിശുദ്ധ കഅ്ബയ്ക്കുള്ള പവിത്രതയും സ്ഥാനവും മുൻനിർത്തിയാണ് ഈ കരുതൽ നൽകുന്നത്.

ഇത് കേവലം സമീപകാലത്തെ പ്രവർത്തനമല്ലെന്നും, മറിച്ച് ഇരുഹറമുകളുടെ സംരക്ഷണത്തിൽ സൗദി അറേബ്യ സ്വീകരിച്ചുവരുന്ന ദീർഘകാലവും സ്ഥിരവുമായ സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുണ്യസ്ഥലങ്ങളുടെ സുരക്ഷക്കും സംരക്ഷണത്തിനുമായി എല്ലാവിധ മാനുഷിക-സാങ്കേതിക വിഭവങ്ങളും സമർപ്പിച്ചുകൊണ്ടുള്ള വലിയ പരിഗണനയാണ് ഭരണകൂടം നൽകിവരുന്നതെന്നും ഡോ. അൽസുദൈസ് പറഞ്ഞു.

Tags:    
News Summary - Hajj 2026; Annual repairs at Kaaba begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.