കേരളത്തിൽ പുതിയ പൊലീസ് മേധാവിയായി ചുമതലയെടുത്ത റവഡ ചന്ദ്രശേഖർ ആദ്യ വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശത്തെ പ്രവാസലോകവും കേരളത്തിലെ രക്ഷകർത്താക്കളും വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കേരളത്തിൽ ഇന്ന് വളരെ ഗുരുതരമായി മാറിയ മയക്കുമരുന്ന് കച്ചവടവും ഉപയോഗവും ഇല്ലാതാക്കാൻ വേണ്ട കർശന നടപടികൾ സ്വീകരിക്കും എന്നാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കഴിവുറ്റ ഒരു ഉദ്യോഗസ്ഥനും കാര്യക്ഷമതയുള്ള ഒരു സർക്കാരും ഉണ്ടെങ്കിൽ തീർച്ചയായും കേരളത്തിനെ ഇന്ന് ബാധിച്ചിരിക്കുന്ന ഈ ദുരന്തത്തിൽനിന്നും രക്ഷിക്കാൻ കഴിയും എന്നുള്ളതിന് ഒരു സംശയവും ഇല്ല.
യുവാക്കളാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തും നേട്ടവും എന്നിരിക്കെ അവരെ മയക്കുമരുന്ന് പോലെയുള്ള വിപത്തിൽനിന്നും രക്ഷിക്കേണ്ടത് കാര്യക്ഷമതയും സമൂഹത്തോട് പ്രതിബദ്ധതയുമുള്ള സർക്കാരിന്റെ കടമയാണ്. മയക്കുമരുന്നിന്റെ ഉപയോഗത്തിലൂടെ കർമശേഷിനഷ്ടപ്പെടുന്ന പുതുതലമുറ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടെത്തിക്കും. ആയതിനാൽ യുവാക്കളും രക്ഷിതാക്കളും സംസ്ഥാന പൊലീസ് മേധാവിയുടെ ഈ ഉദ്യമത്തിൽ ഒരുമിച്ചു പങ്കാളികളാവേണ്ടതാണ്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തങ്ങളുടെ കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്കയക്കാൻ പ്രവാസി രക്ഷകർത്താക്കൾ ഭയപ്പെടുന്ന ഈ സാഹചര്യത്തിൽ ഡി.ജി.പിയുടെ ഈ സന്ദേശം പ്രവാസികളിലും വളരെ പ്രതീക്ഷയാണ് ഉളവാക്കിയിരിക്കുന്നത്.
മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്താൻ കഴിഞ്ഞാൽ കേരളത്തിലെ ക്രിമിനൽ കേസുകൾ ഒരു പരിധി വരെ കുറയും എന്നിരിക്കെ അടുത്ത ഒരു വർഷക്കാലമെങ്കിലും എല്ലാ പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ അതതു പ്രദേശത്തു കാര്യക്ഷമമായി പ്രവർത്തിച്ചാൽ തീർച്ചയായും കേരളത്തെ രക്ഷിച്ചെടുക്കുവാൻ കഴിയും എന്നുള്ളതിൽ യാതൊരു സംശയവുമില്ല.നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലും ഇന്ന് മയക്കുമരുന്ന് സുലഭമാണ്. കൊച്ചുകുട്ടികളെ പോലും ഇതിന്റെ ഉപാഭോക്താക്കളാക്കി മാറ്റാൻ ഈ മാഫിയ മടിക്കുന്നില്ല.
ഇതിലൂടെ മയക്കുമരുന്ന് കച്ചവടം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതോടൊപ്പം തന്നെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനും ഒരു കൂട്ടർ തയാറാകുന്നു. കൊച്ചുപെൺകുട്ടികൾ ഉൾപ്പടെ ഈ നരാധമന്മാരുടെ വേട്ടക്കിരയാകുന്ന സംഭവങ്ങൾ പെരുകുകയാണ്. അതിന്റെയൊക്കെ ബാക്കിപത്രമായി പല കുടുംബങ്ങളും ചതിയിൽപ്പെട്ട് തകരുന്നു. സമൂഹത്തിൽ കൊലപാതകങ്ങൾ പെരുകുന്നു. ആത്മഹത്യകൾ വർധിക്കുന്നു.ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ ശാപമെന്നിരിക്കെ ഇക്കാര്യത്തിൽ രാഷ്ട്രീയഭേദമന്യേ മുഖം നോക്കാതെ നടപടി എടുക്കാനും അധികാരികൾ തയാറാകണം എന്ന് കൂടി അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.