മദീനയിലെ നിലവിലുള്ള ഹരിതാഭമായ ഇടങ്ങളുടെ ദൃശ്യം
മദീന: സൗദി നഗരങ്ങളിൽ ഹരിത ഇടങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമാക്കി വിഷൻ 2030ന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ‘ഗ്രീൻ സിറ്റി ഇനിഷ്യേറ്റീവ്’ പദ്ധതിക്ക് മദീനയിൽ തുടക്കം കുറിച്ചു. ഹരിത പ്രദേശങ്ങൾ വികസിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സുസ്ഥിരത നിലനിർത്താനും അതുവഴി ജീവിത നിലവാരം ഉയർത്തുന്നതിനും കഴിയുമെന്ന പ്രതീക്ഷയോടെയാണ് മദീന മുനിസിപ്പാലിറ്റി ഗ്രീൻസിറ്റി ഇനിഷ്യേറ്റീവ് പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്.
സസ്യജാലങ്ങളുടെ വ്യാപനം വർദ്ധി പ്പിക്കുന്നതിനും കാർബൺ ബഹിർഗമനം കുറക്കുന്നതിനും അതുവഴി താപനില കുറക്കുന്നതിനും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനും പദ്ധതി വഴി വെക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. പ്രകൃതി വിഭവങ്ങൾ കൂടുതൽ ലഭ്യമാക്കാനും പ്രദേശത്തെ താമസക്കാരുടെ ക്ഷേമം വർധിപ്പിക്കാനും ഈ പദ്ധതി വഴി സാധിക്കും.
പദ്ധതിയുടെ ഭാഗമായി നടീൽ പൂർത്തിയാക്കുന്ന വൃക്ഷങ്ങളുടെ വളർച്ചയും ആരോഗ്യവും നിരീക്ഷിക്കുന്നതിന് സ്മാർട്ട് ട്രീ ടാഗിംഗ് പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പദ്ധതി വഴി ഉപയോഗിക്കും. റോഡുകളിലെ ഓരങ്ങളിലും പൊതു പാർക്കുകളിലും സർക്കാർ ഓഫീസ് അങ്കണങ്ങളിലും സസ്യങ്ങളുടെ ഏരിയ വികസിപ്പിച്ചുകൊണ്ട് നഗര ഹരിതവൽക്കരണത്തിൽ മദീനയെ മികവുറ്റതാക്കി മാറ്റാനും പദ്ധതി ലക്ഷ്യമാക്കുന്നു.
പാരിസ്ഥിതിക സന്നദ്ധ പ്രവർത്തനങ്ങളിൽ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്താനും ഗ്രീൻ സിറ്റി ഇനിഷ്യേറ്റീവ് പദ്ധതി വഴി സാധിക്കും. മദീന നഗരം സന്ദർശിക്കുന്നവരുടെ ടൂറിസം അനുഭവത്തെ സമ്പന്നമാക്കാനും സുസ്ഥിര ഹരിത നഗരങ്ങൾക്കുള്ള ഒരു മാതൃകയായി പരിവർത്തിപ്പിക്കാനും പ്രവാചക നഗരിയുടെ ഇസ്‌ലാമിക പൈതൃകത്തെ ആധുനിക സുസ്ഥിരതാ ലക്ഷ്യങ്ങളുമായി സന്തുലിതമാക്കാനും ഈ സംരംഭം വഴി കഴിയുമെന്ന കണക്കു കൂട്ടലിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.